ദ്രാവിഡ് പരിശീലകനാകുമോ? തീരുമാനിച്ചിട്ടില്ലെന്ന് ​ഗാം​ഗുലി

ദ്രാവിഡ് പരിശീലകനാകുമോ? തീരുമാനിച്ചിട്ടില്ലെന്ന് ​ഗാം​ഗുലി
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം
രാഹുല്‍ ദ്രാവിഡ്/ഫയല്‍ ചിത്രം

ദുബായ്: ‍വൻമതിൽ രാഹുൽ ​ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീമിന്റെ പരിശീലകനായി എത്തുമെന്ന വാർത്തകൾ ആരാധകർ ആവേശത്തോടെയാണ് കേട്ടത്. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് പരിശീലകനാകുമെന്ന റിപ്പോർട്ട് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കും തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ഇന്ത്യയുടെ മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ദ്രാവിഡ് കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. രവി ശാസ്ത്രിയുടെ പിൻഗാമിയാകാൻ ദ്രാവിഡ് സമ്മതിച്ചതായി സ്ഥിരീകരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ തന്നെ ദ്രാവിഡ് ഈ സ്ഥാനത്തിൽ താത്പര്യമില്ലെന്ന് പറഞ്ഞതാണെന്നും ഇപ്പോഴും അതേ സ്ഥിതി തന്നെ തുടരുകയാണെന്നും ഗാംഗുലി വ്യക്തമാക്കി. 

'താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും'

'ദ്രാവിഡ് പരിശീലകനാകുന്ന കാാര്യത്തിൽ ഒരു സ്ഥിരീകരണവും ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അദ്ദേഹത്തിന് അപേക്ഷിക്കാൻ താത്പര്യമുണ്ടെങ്കിൽ അദ്ദേഹം അപേക്ഷിക്കും. ഇപ്പോൾ അദ്ദേഹം എൻസിഎയുടെ പരിശീലകനാണ്, ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പരിശീലകനാകുന്നതിനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് നേരത്തെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. അതേ സ്ഥിതി തന്നെയാണ് ഇപ്പോഴും എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം കുറച്ച് സമയം ചോദിച്ചിട്ടുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം'- ഗാംഗുലി പറഞ്ഞു. 

ടി20 ലോകകപ്പോടെ നിലവിലെ പരിശീലകൻ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചിൽ ആരംഭിച്ചത്. ഇന്ത്യൻ പരിശീലകനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചർച്ച നടത്തിയെന്നും അദ്ദേഹം സമ്മതം അറിയിച്ചെന്നുമായിരുന്നു റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com