'ന്യൂ ബോളില്‍ യോര്‍ക്കര്‍ എറിയും, ഇന്ത്യക്കെതിരെ അത് ഫലവും കണ്ടു'- സ്വന്തം മികവിലേക്ക് ചൂണ്ടി ഷഹീന്‍ അഫ്രീദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 11:29 AM  |  

Last Updated: 25th October 2021 11:29 AM  |   A+A-   |  

shaheen

സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷഹീൻ ഷാ അഫ്രീദി/ ഫോട്ടോ: ട്വിറ്റർ

 

ദുബായ്: ഇന്ത്യക്കെതിരെ ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം വിജയിക്കുമ്പോള്‍ അതിന് പാക് ടീം കടപ്പെട്ടിരിക്കുന്ന താരങ്ങളില്‍ ഒരാള്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയെ ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡക്കില്‍ മടക്കി ഷഹീന്‍ ഞെട്ടിച്ചിരുന്നു. പിന്നാലെ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കി താരം ഇന്ത്യയെ പ്രതിരോധത്തിലാക്കി. പൊരുതി നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും ഷഹീന്‍ തന്നെയാണ് പുറത്താക്കിയത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഷഹീന് തന്നെ. 

ഇന്ത്യക്കെതിരായ തന്റെ പദ്ധതികളെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ ഷഹീന്‍. മികച്ച രീതിയില്‍ പന്ത് ഇന്‍സ്വിങ് ചെയ്യിച്ച് യോര്‍ക്കറുകള്‍ എറിഞ്ഞ് ഇന്ത്യന്‍ ടോപ് ഓഡറിനെ തകര്‍ക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് ഷഹീന്‍ പറയുന്നു. കൃത്യതയോടെ പന്തെറിഞ്ഞ് തനിക്ക് അത് സാധ്യമാക്കാന്‍ കഴിഞ്ഞെന്നും ഷഹീന്‍ പറയുന്നു. 

പവര്‍പ്ലേയില്‍ തുടര്‍ച്ചയായി മൂന്ന് ഓവറുകള്‍

'ഞാന്‍ ആദ്യമായാണ് ടി20യില്‍ പവര്‍പ്ലേയില്‍ തുടര്‍ച്ചയായി മൂന്ന് ഓവറുകള്‍ എറിയുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായിരുന്നു. അതിനാല്‍ തന്നെ നിര്‍ണായക വഴിത്തിരിവുകള്‍ സൃഷ്ടിക്കുയായിരുന്നു ലക്ഷ്യം. അത് സാധ്യമായി.' 

'ന്യൂ ബോളില്‍ യോര്‍ക്കറുകള്‍ എറിയാന്‍ സാധിക്കുന്നതാണ് എന്റെ പ്രധാന കരുത്ത്. അതിലൂടെ ബ്രേക്ക്ത്രൂകള്‍ സൃഷ്ടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. അത് കൃത്യമായി നടക്കുകയും ചെയ്തു. കാര്യങ്ങള്‍ വിചാരിച്ച പോലെ വന്നതോടെ ആത്മവിശ്വാസവും ലഭിച്ചു.' 

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ നിറഞ്ഞ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഷഹീന്‍ പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും ഒരുപോലെയാണെന്നും ഷഹീന്‍ വ്യക്തമാക്കി. 

'വിരാടിനെ പുറത്താക്കാന്‍ ഞാന്‍ ഒരു പദ്ധതി മനസില്‍ കണ്ടിരുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. ബാബറിന്റേയും വിരാടിന്റേയും ബാറ്റിങ് ഒരു പോലെയാണ്. ഒരു വ്യത്യാസവും ഇല്ല. നെറ്റ്‌സില്‍ ബാബറിന് എങ്ങനെയാണോ ഞാന്‍ പന്തെറിയുന്നത് അതേ തന്ത്രമാണ് വിരാടിന് നേരെയും പുറത്തെടുത്തത്.'

'ലോകകപ്പില്‍ ഇന്ത്യക്കെതിരായ വിജയം മികച്ച അനുഭവമാണ്. ഈ വിജയം പാകിസ്ഥാന് ലോകകപ്പില്‍ നന്നായി തുടങ്ങാനുള്ള അവസരവും നല്‍കി. അടുത്ത മത്സരങ്ങളാണ് ഇനി ലക്ഷ്യം'- 21 കാരനായ ഷഹീന്‍ വ്യക്തമാക്കി.