ഒറ്റ ഇന്നിങ്‌സ്, നിരവധി റെക്കോര്‍ഡുകള്‍; തോല്‍വിയിലും തലയുയര്‍ത്തി കോഹ്‌ലി

ഒറ്റ ഇന്നിങ്‌സ്, നിരവധി റെക്കോര്‍ഡുകള്‍; തോല്‍വിയിലും തലയുയര്‍ത്തി കോഹ്‌ലി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ദുബായ്: ലോകകപ്പ് വേദിയില്‍ പാകിസ്ഥാനോട് ഇന്ത്യ ആദ്യ തോല്‍വി വഴങ്ങിയ നിരാശയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തലയുയര്‍ത്തി നിന്നു. സമീപ കാലത്ത് ബാറ്റിങ് ഫോമിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കോഹ്‌ലി അത്രയും സെന്‍സിറ്റീവായ ഒരു മാച്ചില്‍ ഉജ്ജ്വല ഇന്നിങ്‌സ് തന്നെ പുറത്തെടുത്ത് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുന്ന കാഴ്ചയായിരുന്നു ദുബായില്‍ പാകിസ്ഥാനെതിരെ കണ്ടത്. 

ബാറ്റിങ് തകര്‍ച്ചയിലേക്ക് പോകുകയായിരുന്ന ടീമിനായി ക്ഷമയോടെ ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച കോഹ്‌ലി 49 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്താണ് മടങ്ങിയത്. ഇന്ത്യയെ താരതമ്യേന ഭേദപ്പെട്ട ഒരു സ്‌കോറിലെത്തിച്ചതും ഈ ഇന്നിങ്‌സ് തന്നെ. 

ടി20 ലോകകപ്പില്‍ 10 അര്‍ധ സെഞ്ച്വറികള്‍

ഈ അര്‍ധ സെഞ്ച്വറിക്കൊപ്പം നിരവധി റെക്കോര്‍ഡുകളും താരം സ്വന്തമാക്കി. ടി20 ലോകകപ്പില്‍ 10 അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യം താരം, 20 ലോകകപ്പില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍, ഐസിസിയുടെ പരിമിത ഓവര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ 500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റര്‍ തുടങ്ങിയ റെക്കോര്‍ഡുകളാണ് ഒറ്റ ഇന്നിങ്‌സിലൂടെ കോഹ്‌ലി സ്വന്തമാക്കിയത്. 

ട്വന്റി 20 ലോകകപ്പില്‍ 10 അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടത്തില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനെയാണ് കോഹ്‌ലി മറികടന്നത്. കോഹ്‌ലിയുടെ ടി20 കരിയറിലെ 29ാം അര്‍ധ സഞ്ച്വറിയായിരുന്നു ഇത്. ടി20 ലോകകപ്പില്‍ 50 തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടവും കോഹ്‌ലി ദുബായില്‍ കുറിച്ചു. 

പാകിസ്ഥാനെതിരെ 11 പരിമിത ഓവര്‍ പോരാട്ടങ്ങളില്‍ നിന്നാണ് കോഹ്‌ലി 500 റണ്‍സില്‍ എത്തിയത്. ഇന്ത്യന്‍ താരം തന്നെയായ രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ രണ്ടാമത്. പാകിസ്ഥാനെതിരെ പത്ത് മത്സരങ്ങളില്‍ നിന്ന് 328 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. സച്ചിന്‍ മൂന്നാം സ്ഥാനത്താണ് പട്ടികയില്‍. ഷാകിബ് അല്‍ ഹസന്‍, റോസ് ടെയ്‌ലര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണ് പിന്നാലെയുള്ള സ്ഥാനങ്ങളില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com