

ദുബൈ: പാകിസ്ഥാനെതിരെയുള്ള ട്വന്റി 20 ലോകകപ്പ് മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്ത്. ഷമ്മിക്കെതിരെയുള്ള വ്യക്തിപരമായ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. വ്യക്തിത്വമില്ലാത്തവരാണ് ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നായിരുന്നു മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പ്രതികരണം.
മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം
ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഷമിയുടേത് മോശം പ്രകടനമായിരുന്നു. പിന്നാലെ ദേശീയത പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ്് ഷമിക്കെതിരെയുണ്ടായത്. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് വിരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും രംഗത്തുവന്നത്. 'ഷമ്മിക്കെതിരായ സൈബര്‍ ആക്രമണം ഞെട്ടിക്കുന്നതാണ്. ഇന്ത്യയുടെ തൊപ്പിയണിയുന്നവന്‍ ആരായാലും അവരുടെ മനസില്‍ ഇന്ത്യ എന്നൊരു ചിന്ത മാത്രമേ ഉണ്ടാവൂ. ഇത് സൈബറിടത്തെ ആക്രമണവാസനയുള്ള ജനക്കൂട്ടത്തേക്കാള്‍ മുകളിലാണ്. അദ്ദേഹം ഒരു ജേതാവാണ്. ഷമ്മിയുടെ ഒപ്പം' - വിരേന്ദര്‍ സെവാഗിന്റെ കുറിപ്പിലെ വരികള്‍ ഇങ്ങനെ.
'മുന്‍പ് കോലം കത്തിച്ചവരും കളിക്കാരുടെ വീടുകളിലേക്ക് കല്ലെറിഞ്ഞവരുമാണ് പുതിയ രൂപത്തില്‍. മുഖമില്ലാത്ത ഓണ്‍ലൈന്‍ പ്രൊഫൈലില്‍ നിന്നാണ് സൈബര്‍ ആക്രമണം. പ്രൊഫല്‍ ചിത്രം ഇടാന്‍ പോലും യോഗ്യതയില്ലാത്തവരാണ് ഇതിന് മുതിരുന്നത്' - ആകാശ് ചോപ്രയുടെ വാക്കുകള്‍ ഇങ്ങനെ.നേരത്തെ ഷമിക്ക് പിന്തുണയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തുവന്നിരുന്നു.
ഷമിക്ക് പിന്തുണ നല്‍കേണ്ടത് ഇന്ത്യന്‍ ടീമിന്റെ കടമയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'പാകിസ്ഥാനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിലെ ഒരു താരമാണ് ഷമി. അദ്ദേഹം മാത്രമല്ല, ടീമിലുണ്ടായിരുന്നത്. സമൂഹ മാധ്യങ്ങളില്‍ അധിക്ഷേപം നേരിട്ട ഷമിക്കൊപ്പം ടീം ഇന്ത്യ നില്‍ക്കേണ്ടതുണ്ട്.' ഒമര്‍ അബ്ദുള്ള കുറിച്ചിട്ടു.
പാകിസ്ഥാനെതിരെ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. പാകിസ്ഥാന്‍ അനായാസമായി ജയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷമിയുടെ ദേശീയതും മതവും ചോദ്യം ചെയ്യുന്ന രീതിയില്‍ ട്വീറ്റുകളും പോസ്റ്റുകളും വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates