സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തിട്ട് മുജീബും റാഷിദും, അഫ്ഗാനിസ്ഥാന് കൂറ്റന്‍ ജയം 

190 റണ്‍സ് ടോട്ടല്‍ കണ്ടെത്തിയതിന് പിന്നാലെ മുജീബും റാഷിദ് ഖാനും ചേര്‍ന്ന് സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തിട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: സ്‌കോട്ട്‌ലാന്‍ഡിനെതിരെ 130 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി അഫ്ഗാനിസ്ഥാന്‍. 190 റണ്‍സ് ടോട്ടല്‍ കണ്ടെത്തിയതിന് പിന്നാലെ മുജീബും റാഷിദ് ഖാനും ചേര്‍ന്ന് സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തിട്ടു. ഇതോടെ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനം പിടിച്ചു. 

ചെയ്‌സിങ്ങില്‍ ആദ്യ രണ്ട് ഓവറില്‍ നല്ല നിലയില്‍ കളിച്ചാണ് സ്‌കോട്ട്‌ലാന്‍ഡ് തുടങ്ങിയത്. മുഹമ്മദ് നബിയുടേയും മുജീബിന്റേയും ആദ്യ ഓവറുകളില്‍ 10 റണ്‍സ് വീതം കണ്ടെത്താന്‍ സ്‌കോട്ട്‌ലാന്‍ഡിനായി. എന്നാല്‍ ആദ്യ വിക്കറ്റ് മുജീബ് വീഴ്ത്തിയതോടെ പിന്നെ കൂട്ടതകര്‍ച്ചയായി. 

സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ രണ്ടക്കം കടന്നത് മൂന്ന് പേര്‍

സ്‌കോട്ട്‌ലാന്‍ഡ് നിരയില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍മാരും ഗ്രിസ് ഗ്രീവ്‌സും. 25 റണ്‍സ് നേടിയ ഓപ്പണര്‍ ജോര്‍ജ് മന്‍സേയാണ് സ്‌കോട്ട്‌ലാന്‍ഡിന്റെ ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് മുജീബ് വീഴ്ത്തിയത്. റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തിയത് 9 റണ്‍സ് മാത്രം വഴങ്ങി. റാഷിദ് തന്റെ മൂന്നാമത്തെ ഓവര്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സ്‌കോട്ട്‌ലാന്‍ഡ് ഓള്‍ഔട്ടായി. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് നല്‍കി. ഓപ്പണര്‍മാര്‍ പുറത്തായതിന് പിന്നാലെ വന്ന ഗര്‍ബാസും സഡ്രാനും തകര്‍ത്ത് കളിച്ചതോടെ മികച്ച ടോട്ടലിലേക്ക് അഫ്ഗാന്‍ എത്തി. സഡ്രാന്‍ 34 പന്തില്‍ നിന്ന് 59 റണ്‍സ് നേടി. ഗര്‍ബാസ് 37 പന്തില്‍ നിന്ന് 46 റണ്‍സും. റണ്‍സ് മാര്‍ജിനിലെ ടി20 ക്രിക്കറ്റിലെ അഫ്ഗാന്റെ ഏറ്റവും വലിയ വിജയമാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com