ഉജ്ജ്വലമായി പന്തെറിഞ്ഞ് പാക് പട; കിവികളുടെ പോരാട്ടം 134ല്‍ ഒതുങ്ങി

ഉജ്ജ്വലമായി പന്തെറിഞ്ഞ് പാക് പട; കിവികളുടെ പോരാട്ടം 134ല്‍ ഒതുങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ന്യൂസിലന്‍ഡ് ബാറ്റിങ് നിരയെ 134 റണ്‍സില്‍ ഒതുക്കി പാകിസ്ഥാന്‍ ബൗളര്‍മാര്‍. ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് 135 റണ്‍സ് വിജയ ലക്ഷ്യം. ന്യൂസിലന്‍ഡിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ അവസാനിച്ചു. 

വിയര്‍ത്ത് ബാറ്റിങ് നിര

ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ പാക് ബൗളര്‍മാര്‍ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം ആവര്‍ത്തിച്ചു. കിവി താരങ്ങളില്‍ ഒരാള്‍ക്കും 30 റണ്‍സില്‍ കൂടുതല്‍ കണ്ടെത്താന്‍ സാധിച്ചില്ല. 

27 വീതം റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, ഡെവോന്‍ കോണ്‍വെ എന്നിവരാണ് ടോപ് സ്‌കോറര്‍മാര്‍. ആദ്യം ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ബാറ്റിങ് നിര റണ്‍സെടുക്കാന്‍ നന്നേ വിയര്‍ത്തു. 

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ (25), മാര്‍ട്ടില്‍ ഗുപ്റ്റില്‍ (17), ഗ്ലെന്‍ ഫിലിപ്പ്‌സ് (13), എന്നിവരും രണ്ടക്കം കടന്നു. ജെയിംസ് നീഷം (1), ടിം സീഫെര്‍ട് (8), മിച്ചല്‍ സന്റാനര്‍ (6) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇഷ് സോധി (2) പുറത്താകാതെ നിന്നു. 

നാല് വിക്കറ്റുകള്‍ വീഴ്ത്തി റൗഫ്

നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഹാരിസ് റൗഫിന്റെ ബൗളിങാണ് കിവി ബാറ്റിങിന്റെ നെട്ടല്ലൊടിച്ചത്. ഷഹീന്‍ ഷാ അഫ്രീദി, ഇമദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com