ഷാർജയിലെ ത്രില്ലർ; ആവേശപ്പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തി പ്രതീക്ഷകൾ നിലനിർത്തി വിൻഡീസ്

ഷാർജയിലെ ത്രില്ലർ; ആവേശപ്പോരിൽ ബംഗ്ലാദേശിനെ വീഴ്ത്തി പ്രതീക്ഷകൾ നിലനിർത്തി വിൻഡീസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷാര്‍ജ: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെ മൂന്ന് റണ്‍സിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ആദ്യ വിജയം കുറിച്ചു. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങിയ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിക്കുകയും ചെയ്തു. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറയാനിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സില്‍ അവസാനിപ്പിച്ച് മൂന്ന് റണ്‍സിനാണ് കരീബിയന്‍ പട വിജയം പിടിച്ചത്.  

അവസാന ഓവറില്‍ ബംഗ്ലാദേശിന് 13 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ ആന്ദ്രെ റസ്സല്‍ എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത് റണ്‍സേ ബംഗ്ലാദേശിന് കണ്ടെത്താന്‍ സാധിച്ചുള്ളു. 

43 പന്തില്‍ 44 റണ്‍സെടുത്ത ലിറ്റന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മഹമുദുള്ള 24 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍ മുഹമ്മദ് നയീം 17 റണ്‍സെടുത്തു. സൗമ്യ സര്‍ക്കാരും 17 റണ്‍സ് കണ്ടെത്തി. ഷാകിബ് അല്‍ ഹസന്‍ (ഒന്‍പത്), മുഷ്ഫുഖര്‍ റഹീം (എട്ട്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അഫിഫ് ഹൊസൈന്‍ രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. 

വിന്‍ഡീസിനായി പന്തെറിഞ്ഞവരെല്ലാം ഒരോ വിക്കറ്റുകള്‍ വീഴ്ത്തി. രവി രാംപോള്‍, ജാസന്‍ ഹോള്‍ഡര്‍, ആന്ദ്രെ റസ്സല്‍, അകെല്‍ ഹൊസൈന്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

പൂരന്റെ വെടിക്കെട്ട്

ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ക്രിസ് ഗെയ്ല്‍ (നാല്), എവിന്‍ ലൂയീസ് (ആറ്) എന്നിവര്‍ വേഗത്തില്‍ മടങ്ങി. 

വിന്‍ഡീസിനായി ടി20യില്‍ അരങ്ങേറിയ റോസ്റ്റന്‍ ചേസ് ഒരറ്റത്ത് നിന്നെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു. ഹെറ്റ്‌മെയര്‍ (ഒന്‍പത്), ആന്ദ്രെ റസ്സല്‍ (പൂജ്യം) എന്നിവരെല്ലാം ക്ഷണത്തില്‍ കീഴടങ്ങി. ഒരു ഘട്ടത്തില്‍ വീന്‍ഡീസ് നാലിന് 62 എന്ന നിലയിലായിരുന്നു. 

നിക്കോളാസ് പൂരന്റെ അവസരോചിത വെടിക്കെട്ടാണ് വിന്‍ഡീസ് സ്‌കോര്‍ ഈ നിലയില്‍ എത്തിച്ചത്. താരം 22 പന്തുകള്‍ നേരിട്ട് നാല് സിക്‌സുകളും ഒരു ഫോറും സഹിതം 40 റണ്‍സ് വാരി. പിന്നീട് അഞ്ച് പന്തില്‍ രണ്ട് സിക്‌സുകള്‍ സഹിതം 15 റണ്‍സെടുത്ത് ജാസന്‍ ഹോള്‍ഡറും ടീം സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി. ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് 14 റണ്‍സുമായി ഹോള്‍ഡര്‍ക്കൊപ്പം പുറത്താകാതെ നിന്നു. 

ബംഗ്ലാദേശിനായി മെഹദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, ഷൊരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടാണ് ബംഗ്ലാദേശും വിന്‍ഡീസും നേര്‍ക്കുനേര്‍ പോരാടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com