കളിയഴകിന്റെ തന്ത്രങ്ങൾ ഇനിയും കാണാം; വുകോമനോവിച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th April 2022 05:50 PM  |  

Last Updated: 04th April 2022 05:50 PM  |   A+A-   |  

vukomanovic

ഫോട്ടോ: ട്വിറ്റർ

 

കൊച്ചി: ഐഎസ്എൽ ഫൈനലിൽ ഹൈദരാബാദിനോട് പരാജയപ്പെട്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം വലിയ കൈയടി വാങ്ങിയിരുന്നു. ടീമിന്റെ സീസണിലുനീളമുള്ള കളി മനോ​ഹരമായിരുന്നു. ആധികാരിക വിജയങ്ങളുമായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. ഈ മികവ് ടീമിന് സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് പരിശീലകൻ ഇവാൻ വുകോമനോവിചായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷ വാർത്ത. 

വുകോമാനോവിച് 2025വരെ പരിശീലകനായി ക്ലബിൽ തുടരും.  വുകോമാനോവിച് മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. ടീമിന്റെ പരിശീലകനായുള്ള ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ കോച്ചിന് സാധിച്ചു. 

ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ ഗോളുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, ഏറ്റവും കൂടുതൽ പോയിന്റ് എന്നിങ്ങനെ പല റെക്കോർഡും വുകോമനോവിച് ആദ്യ സീസണിൽ സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിനൊപ്പം ദീർഘകാല ലക്ഷ്യമാണ് തന്റെ മുന്നിലുള്ളതെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദീർഘകാല കരാറിലൂടെ ഇക്കാര്യമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. 

ആദ്യ സീസണിൽ ഹോർമിപാമിനെ പോലെ യുവതാരങ്ങളെ വളർത്തിയെടുക്കാനും ഒപ്പം സഹലിനെ പോലുള്ള താരങ്ങളെ അവരുടെ മികവിലേക്ക് ഉയർത്താനും വുകോമനോവിചിന് സാധിച്ചിരുന്നു. മുന്നേറ്റവും മധ്യനിരയും പ്രതിരോധവും ഒന്നിനൊന്ന് മികച്ച രീതിയിൽ ആക്കാൻ കോച്ചിന് സാധിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത് എന്തായിരുന്നോ ആ കളിയഴക് ഇത്തവണ വുകോമനോവിചിന് കീഴിൽ ​ഗ്രൗണ്ടിൽ നടപ്പിലാക്കാൻ ടീമിന് സാധിച്ചു. ഇതുതന്നെയാണ് പരിശീലകന്റെ കരാർ നീട്ടാൻ ക്ലബിനെ പ്രേരിപ്പിച്ചതും.

ഈ വാർത്ത വായിക്കാം

'ഞാന്‍ കാന്‍സര്‍ രോഗിയാണ്'- വെളിപ്പെടുത്തി ഹോളണ്ട് കോച്ച് ലൂയീസ് വാന്‍ ഗാല്‍; ഞെട്ടി ഫുട്‌ബോള്‍ ലോകം

വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്