തോൽവി തന്നെ തോൽവി; തുടർച്ചയായി നാലാം മത്സരവും തോറ്റ് ചെന്നൈ; ആദ്യ വിജയം തൊട്ട് ഹൈദരാബാദ്

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ വിജയ ശില്‍പ്പി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്ന് നടന്ന ആദ്യ പോരിൽ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് ചെന്നൈയെ തകര്‍ത്തു. സീസണില്‍ ഹൈദരാബാദിന്റെ ആദ്യ ജയം കൂടിയാണിത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തപ്പോൾ ഹൈദരാബാദ് അനായാസം വിജയം തൊട്ടു. ചെന്നൈ ഉയര്‍ത്തിയ 155 റണ്‍സ് വിജയ ലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു.

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ വിജയ ശില്‍പ്പി. 50 പന്തുകള്‍ നേരിട്ട അഭിഷേക് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 75 റണ്‍സെടുത്തു.

155 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഹൈദരാബാദിന് അഭിഷേക് ശര്‍മ- ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ മികച്ച തുടക്കമാണ് നല്‍കിയത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 89 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി മികച്ച അടിത്തറയിട്ടു. 40 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 32 റണ്‍സെടുത്ത വില്യംസണ്‍ 13ാം ഓവറില്‍ മടങ്ങി.

പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി വെടിക്കെട്ട് ബാറ്റിങ്ങിന്റെ കെട്ടഴിച്ചതോടെ വിജയം അനായാസം ഹൈദരാബിദിനൊപ്പം നിന്നു. വെറും 15 പന്തില്‍ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്ത ത്രിപാഠി ഹൈദരാബാദിന്റെ ജയം എളുപ്പമാക്കി. നിക്കോളാസ് പൂരന്‍ അഞ്ച് റണ്‍സോടെ പുറത്താകാതെ നിന്നു. ഹൈദരാബാദിന് നഷ്ടമായ രണ്ട് വിക്കറ്റുകൾ മുകേഷ് ചൗധരി, ഡ്വയ്ൻ ബ്രാവോ എന്നിവർ പങ്കിട്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ചെന്നൈക്ക് ഇം​ഗ്ലീഷ് ഓൾറൗണ്ടർ മൊയിൻ അലിയുടെ അവസരോചിത ബാറ്റിങാണ് ചെന്നൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 48 റണ്‍സെടുത്ത മോയിന്‍ അലിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. അമ്പാട്ടി റായുഡു (27), ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (23) എന്നിവരും പിടിച്ചു നിന്നു. 

ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് സ്‌കോര്‍ 25ല്‍ എത്തിയപ്പോള്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ചെന്നൈയെ ആദ്യം ഞെട്ടിച്ചത്. അധികം വൈകാതെ ഋതുരാജ് ഗെയ്ക്‌വാദിനെ മടക്കി നടരാജനും ചെന്നൈയെ കുരുക്കി. 13 പന്തില്‍ നിന്ന് മൂന്ന് ഫോറടക്കം 16 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോയിന്‍ അലി- അമ്പാട്ടി റായുഡു സഖ്യമാണ് ചെന്നൈ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 62 റണ്‍സാണ് ഈ സഖ്യം സ്‌കോറിലേക്ക് ചേര്‍ത്തത്. 27 പന്തില്‍ നിന്ന് നാല് ഫോറടക്കം 27 റണ്‍സെടുത്ത റായുഡുവിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 15ാം ഓവറില്‍ മൊയിന്‍ അലിയും പുറത്തായി. ഏയ്ഡന്‍ മാര്‍ക്രത്തിനായിരുന്നു വിക്കറ്റ്.

തുടര്‍ന്നെത്തിയ ശിവം ഡുബെ (മൂന്ന്), എം.എസ് ധോനി (മൂന്ന്) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. 15 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 23 റണ്‍സെടുത്ത ജഡേജയാണ് അവസാനം സ്‌കോർ ഉയര്‍ത്താനുള്ള ചെറിയ ശ്രമമെങ്കിലും നടത്തിയത്. ഡ്വെയ്ന്‍ ബ്രാവോ (ആറ്*), ക്രിസ് ജോര്‍ദാന്‍ (ആറ്*) എന്നിവര്‍ പുറത്താകാതെ നിന്നു. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com