ബാറ്റിങ്ങിനിടെ അശ്വിന്‍ പവലിയനിലേക്ക് നടന്നു; അമ്പരന്ന് ഹെറ്റ്മയര്‍; ഐപിഎല്‍ ചരിത്രത്തിലെ ആദ്യ റിട്ടയേഡ് ഔട്ട്

അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുന്ന കാര്യം സഹതാരമായ ഹെറ്റ്മയര്‍ പോലും അറിഞ്ഞിരുന്നില്ല.
അശ്വിനും ഹെറ്റ്മയറും മത്സരത്തിനിടെ/ പിടിഐ
അശ്വിനും ഹെറ്റ്മയറും മത്സരത്തിനിടെ/ പിടിഐ


മുംബൈ: ഐപിഎല്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി റിട്ടയേഡ് ഔട്ടാകുന്ന ആദ്യതാരമായി രാജസ്ഥാന്‍ റോയല്‍സിന്റെ രവിചന്ദ്രന്‍ അശ്വിന്‍. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ബാറ്റിങ് സ്ഥാനക്കയറ്റം ലഭിച്ച് 6-ാം നമ്പറില്‍ ഇറങ്ങിയ അശ്വിന്‍ 23 പന്തില്‍ 28 റണ്‍സ് നേടിയതിനു ശേഷമാണ് 19-ാം ഓവറില്‍ റിട്ടയേഡ് ഔട്ടായി മടങ്ങിയത്.

ഇതേത്തുടര്‍ന്ന് രാജസ്ഥാന് പവര്‍ ഹിറ്ററായ റിയാന്‍ പരാഗിനെ ബാറ്റിങ്ങിന് ഇറക്കാന്‍ കഴിഞ്ഞു. നാലുപന്തില്‍ ഒരു സിക്‌സ് നേടിയ ശേഷം പുറത്തായെങ്കിലും അവസാന ഓവറുകളില്‍ ഷിംറോണ്‍ ഹെറ്റ്മയറിനു പിന്തുണ നല്‍കാനും പരാഗിനു കഴിഞ്ഞു. 

ലക്‌നൗവിനെതിരേ നാലിന് 67 റണ്‍സെന്ന നിലയില്‍ രാജസ്ഥാന്‍ പതറുമ്പോഴാണ് ഷിംറോണ്‍ ഹെറ്റ്മയറും  അശ്വിനും ക്രീസില്‍ ഒന്നിക്കുന്നത്. അഞ്ചാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ സഖ്യം ടീമിനെ രക്ഷപ്പെടുത്തിയത്. മത്സരത്തില്‍ രാജസ്ഥാന്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണെടുത്തത്. 

അശ്വിന്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുന്ന കാര്യം സഹതാരമായ ഹെറ്റ്മയര്‍ പോലും അറിഞ്ഞിരുന്നില്ല. അശ്വിന്‍ പവലിയനിലേക്ക് നടക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്ന് ഹെറ്റ്മയര്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. എന്തായാലും തീരുമാനം മികച്ചതായിരുന്നുവെന്ന് ഹെറ്റ്മയര്‍ പറഞ്ഞു. അശ്വിനെ റിട്ടയേഡ് ഔട്ടാക്കുക എന്നതു ടീം തീരുമാനമായിരുന്നെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പ്രതികരിച്ചു.
 
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ തന്ത്രപരമായ ഈ നീക്കത്തെ പ്രശംസിച്ച് വെസ്റ്റിന്‍ഡീസ് മുന്‍ പേസ് ബൗളര്‍ ഇയാന്‍ ബിഷപ്പ് അടക്കം നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com