റസ്സലിന്റെ കത്തിക്കാളലും ഫലിച്ചില്ല; കൊല്‍ക്കത്തയെ വീഴ്ത്തി ഗുജറാത്ത് വീണ്ടും ഒന്നാം സ്ഥാനത്ത്

ആന്ദ്രെ റസ്സലിന്റെ കരുത്തില്‍ വിജയത്തിന്റെ വക്കില്‍ വരെയെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചെങ്കിലും അവസാന ഓവറില്‍ റസ്സല്‍ മടങ്ങിയത് തിരിച്ചടിയായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ട് വിക്കറ്റിന് വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കെറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ മറുപടി എട്ട് വിക്കറ്റിന് 148 റണ്‍സില്‍ അവസാനിച്ചു. 

ആന്ദ്രെ റസ്സലിന്റെ കരുത്തില്‍ വിജയത്തിന്റെ വക്കില്‍ വരെയെത്താന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചെങ്കിലും അവസാന ഓവറില്‍ റസ്സല്‍ മടങ്ങിയത് തിരിച്ചടിയായി. 25 പന്തില്‍ ആറ് സിക്‌സുകള്‍ സഹിതം 48 റണ്‍സെടുത്ത് റസ്സല്‍ കത്തി നില്‍ക്കുകയായിരുന്നു. അവസാന ഓവറിന്റെ രണ്ടാം പന്തില്‍ താരം പുറത്തായതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷയും അവസാനിച്ചു. 

റസ്സലിന് പുറമെ 28 പന്തില്‍ 35 റണ്‍സുമായി റിങ്കു സിങും തിളങ്ങി. ഉമേഷ് യാദവ് 15 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രേയസ് അയ്യര്‍ 12 റണ്‍സും വെങ്കടേഷ് അയ്യര്‍ 17 റണ്‍സും കണ്ടെത്തി. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

ഗുജറാത്തിനായി മുഹമ്മദ് ഷമി, യഷ് ദയാല്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഒരു വിക്കറ്റെടുത്തു. 

ഒരോവറില്‍ നാല് വിക്കറ്റെടുത്ത് റസ്സല്‍

നേരത്തെ ഡെത്ത് ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ വരിഞ്ഞു മുറുക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. 18 റണ്‍സിന് ഇടയില്‍ ആറ് വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്. അതില്‍ നാല് വിക്കറ്റും അവസാന ഓവറില്‍ റസ്സല്‍ പിഴുതെടുത്തത്. 

അവസാന ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് റസ്സല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. കളിയില്‍ റസ്സല്‍ എറിഞ്ഞ ഒരേയൊരു ഓവറും ഇതായിരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യമായാണ് ഒരു ടീം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് ഇറങ്ങിയത്. 

തുടക്കത്തില്‍ തന്നെ ഗില്ലിനെ ഗുജറാത്തിന് നഷ്ടമായി. എന്നാല്‍ സാഹയ്‌ക്കൊപ്പം നിന്ന് ഹര്‍ദിക് 75 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 25 റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്. സാഹയ്ക്ക് ശേഷം വന്ന ഡേവിഡ് മില്ലറിനൊപ്പം നിന്നും ഹര്‍ദിക് അര്‍ധ ശതക കൂട്ടുകെട്ട് കണ്ടെത്തി. 

20 പന്തില്‍ നിന്ന് 27 റണ്‍സ് ആണ് മില്ലറിന് നേടാനായത്. 49 പന്തില്‍ നിന്ന് 67 റണ്‍സ് എടുത്ത് ഹര്‍ദിക് പാണ്ഡ്യയും മടങ്ങിയതോടെ ഗുജറാത്തിന് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെയായി. റാഷിദ് ഖാനെ സൗത്തി മടക്കിയപ്പോള്‍ അഭിനവ് മനോഹര്‍ ഫെര്‍ഗൂസന്‍, തെവാതിയ, യഷ് ദയാല്‍ എന്നിവരുടെ വിക്കറ്റാണ് റസല്‍ അവസാന ഓവറില്‍ വീഴ്ത്തിയത്.

ബൗണ്ടറി ലൈനിന് സമീപം നാല് ക്യാച്ചുകളുമായി റിങ്കു സിങും ശ്രദ്ധ പിടിച്ചു. ഹര്‍ദിക് പാണ്ഡ്യ, രാഹുല്‍ തെവാത്തിയ, അഭിനവ് മനോഹര്‍, ഫെര്‍ഗൂസന്‍ എന്നിവരെയാണ് റിങ്കു സിങ് തന്റെ കൈകളില്‍ സുരക്ഷിതമാക്കിയത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com