എണ്ണം പറഞ്ഞ പന്തുകളുമായി നടരാജൻ; രണ്ടാം ഓവറില്‍ ജന്‍സന്‍ മടക്കിയത് മൂന്ന് പേരെ; ബാംഗ്ലൂര്‍ വെറും 68ന് ഓള്‍ഔട്ട്!

ക്യാപ്റ്റന്‍ ഡുപ്ലെസി, വിരാട് കോഹ്‌ലി എന്നിവരെ രണ്ട് മൂന്ന് പന്തുകളിലും ആറാം പന്തില്‍ അനുജ് റാവത്തിനേയും ആണ് ജന്‍സന്‍ ഈ ഓവറില്‍ മടക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ വെറും 68 റണ്‍സില്‍ പുറത്തായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 16.1 ഓവറില്‍ ബാംഗ്ലൂരിന്റെ ബാറ്റിങ് അവസാനിച്ചു. 

കളിയുടെ ഒരു ഘട്ടത്തില്‍ പോലും ബാംഗ്ലൂര്‍ ചിത്രത്തിലുണ്ടായിരുന്നില്ല. മാര്‍ക്കോ ജന്‍സന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്. ഈ വിക്കറ്റ് വീഴ്ചയോടെ തന്നെ ബാംഗ്ലൂരിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. 

ക്യാപ്റ്റന്‍ ഡുപ്ലെസി, വിരാട് കോഹ്‌ലി എന്നിവരെ രണ്ട് മൂന്ന് പന്തുകളിലും ആറാം പന്തില്‍ അനുജ് റാവത്തിനേയും ആണ് ജന്‍സന്‍ ഈ ഓവറില്‍ മടക്കിയത്. ഡുപ്ലെസി അഞ്ച് റണ്‍സില്‍ മടങ്ങിയപ്പോള്‍ കോഹ്‌ലിയും റാവത്തും സംപൂജ്യരായി മടങ്ങി. കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായി. 

പിന്നീട് നാലാം വിക്കറ്റില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, സുയാഷ് പ്രഭുദേശായ് എന്നിവര്‍ പിടിച്ചുനില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും അതും അധികം നീണ്ടില്ല. മാക്‌സ്‌വെല്‍ 12 റണ്‍സും പ്രഭുദേശായ് 15 റണ്‍സും കണ്ടെത്തി. പ്രഭുദേശായ് ആണ് ടോപ് സ്‌കോറര്‍. ഇരുവരും മാത്രമാണ് രണ്ടക്കം കടന്ന താരങ്ങള്‍. 

ടൂര്‍ണമെന്റില്‍ ഇതുവരെയായി ആര്‍സിബിയുടെ രക്ഷകനായി നിന്ന ദിനേഷ് കാര്‍ത്തിക്കിനും പക്ഷേ ഇത്തവണ പിഴച്ചു. താരവും പൂജ്യത്തിന് പുറത്തായി. 

ജന്‍സന് പുറമെ ടില നടരാജനും മാരകമായി പന്തെറിഞ്ഞു. താരം മൂന്നോവറില്‍ വെറും പത്ത് റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. ജഗദീശ സുചിത് രണ്ട് വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com