തുടരെ രണ്ട് ഗോള്‍ഡന്‍ ഡക്കുകള്‍; കോഹ്‌ലിയെ ഒഴിവാക്കുമോ? ഇന്ന് രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോര്

മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഫോം കിട്ടാതെ ഉഴറുന്നത് ടീമിന് വലിയ തലവേദനയായി മാറുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് മികച്ച വിജയങ്ങളുമായി മുന്നേറുന്ന രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 100 റണ്‍സ് പോലും തികയ്ക്കാന്‍ കഴിയാതെ പരാജയം ഏറ്റുവാങ്ങിയാണ് ബാംഗ്ലൂര്‍ എത്തുന്നത്. ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍. നിലവില്‍ കളിയില്‍ മുന്‍തൂക്കം രാജസ്ഥാന് തന്നെ. 

സീസണില്‍ വലിയ മോശമില്ലാതെയാണ് ബാംഗ്ലൂര്‍ തുടങ്ങിയത്. പക്ഷേ കഴിഞ്ഞ കളിയില്‍ അവര്‍ വെറും 68 റണ്‍സില്‍ ഓള്‍ഔട്ടായത് അവരെ ഇരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന തകര്‍ച്ചയായി മാറി. 

മുന്‍ നായകന്‍ വിരാട് കോഹ്‌ലി ഫോം കിട്ടാതെ ഉഴറുന്നത് ടീമിന് വലിയ തലവേദനയായി മാറുകയാണ്. കഴിഞ്ഞ രണ്ട് കളികളിലും കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഇനിയും കോഹ്‌ലി പ്ലെയിങ് ഇലവനില്‍ തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തരം ഇന്ന് പുറത്തിരുന്നാലും അത്ഭുതപ്പെടാനില്ല. 

ഡുപ്ലെസിക്കൊപ്പം ഓപ്പണ്‍ ചെയ്യുന്ന അനുജ് റാവത്തും അമ്പേ പരാജയമാണ്. സ്ഥിരതയുള്ള പ്രകടനം താരത്തില്‍ നിന്നുണ്ടാകുന്നില്ല. താരത്തിന് പകരം മഹിപാല്‍ ലൊമൊറോര്‍ ടീമിലേക്ക് എത്തിയേക്കും. 

ദിനേഷ് കാര്‍ത്തിക്, സുയേഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ് എന്നിവരാണ് നിലവില്‍ ആര്‍സിബി മുന്നോട്ടു നയിക്കുന്ന പ്രധാന താരങ്ങള്‍. ഇവരുടെ മികവാണ് ടീമിന്റെ ഇതുവരെയുള്ള വിജയങ്ങളില്‍ നിര്‍ണായകമായതും. 

ആര്‍സിബിയുടെ ആശ്വാസം അവരുടെ ബൗളിങ് നിരയാണ്. ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരംഗ, ജോശ് ഹെയ്‌സല്‍വുഡ്, മുഹമ്മദ് സിറാജ് നാല്‍വര്‍ സഖ്യം മികച്ച രീതിയില്‍ തന്നെ പന്തെറിയുന്നു. 

സീസണില്‍ മിന്നും ഫോമിലാണ് രാജസ്ഥാന്‍ റോയല്‍സ് കളിക്കുന്നത്. ബാറ്റിങിലും ബൗളിങിലും ടീം സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു. മാരക മികവുമായി ബാറ്റ് വീശുന്ന ഇംഗ്ലീഷ് താരം ജോസ് ബട്‌ലറാണ് ടീമിന്റെ നെടുംതൂണ്‍. മികച്ച ക്യാപ്റ്റന്‍സിയും അവസരത്തിനൊത്തുയരുന്ന ബാറ്റിങുമായി മലയാളി താരം സഞ്ജു സാംസണും ഗ്രൗണ്ടില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു. യുസ്‌വേന്ദ്ര ചഹല്‍, വെറ്ററന്‍ താരം ആര്‍ അശ്വിന്‍, പേസര്‍ ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ പന്തുകളും നിര്‍ണായകം. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com