പുതിയ കോച്ചിനെ തേടി ഇംഗ്ലണ്ട്; ടെസ്റ്റിനും പരിമിത ഓവറിനും പ്രത്യേക പരിശീലകര്‍

ആഷസ് പരമ്പരയിലെ തോല്‍വിയും പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ നാണംകെട്ട പരാജയവും പരിശീലകനായ ക്രിസ് സില്‍വര്‍വുഡിന്റെ കസേര തെറിപ്പിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: സമീപ കാലത്തെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരിശീലക സംഘത്തില്‍ പുതിയ മുഖങ്ങളെ എത്തിക്കാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. പുതിയതായി സ്ഥാനമേറ്റ മാനേജിങ് ഡയറക്ടര്‍ റോബ് കീയുടെ നേതൃത്വത്തിലാണ് പുതിയ സംഘത്തെ തിരഞ്ഞെടുക്കുന്നത്. 

ആഷസ് പരമ്പരയിലെ തോല്‍വിയും പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ നാണംകെട്ട പരാജയവും പരിശീലകനായ ക്രിസ് സില്‍വര്‍വുഡിന്റെ കസേര തെറിപ്പിച്ചിരുന്നു. പിന്നാലെയാണ് പുതിയ കോച്ചിനായി ബോര്‍ഡ് ശ്രമം തുടങ്ങിയത്. 

മെയ് ആറിനുള്ളില്‍ അപേക്ഷകള്‍ സ്വീകരിക്കും. മുന്‍ ഇന്ത്യന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ താരവുമായിരുന്ന ഗാരി കേസ്റ്റന്‍, മുന്‍ ശ്രിലങ്ക, അയര്‍ലന്‍ഡ് പരിശീലകനും മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവുമായ ഗ്രഹാം ഫോര്‍ഡ്, ഓസീസ് മുന്‍ താരം സൈമണ്‍ കാറ്റിച്ച് എന്നിവര്‍ക്കാണ് സ്ഥാനത്തേക്ക് മുന്‍തൂക്കമുള്ളത്. 

ടെസ്റ്റ് ടീമിന് ഒരു പരിശീലകനും ഏകദിന, ടി20 മത്സരങ്ങള്‍ക്ക് മറ്റൊരു കോച്ച് എന്ന ഫോര്‍മുലയാണ് ഇംഗ്ലണ്ട് നടപ്പിലാക്കുന്നത്. നേരത്തെ 2012- 14 കാലത്ത് ഇത്തരത്തിലായിരുന്നു ഇംഗ്ലണ്ട് ടീം. അന്ന് ആന്‍ഡി ഫ്‌ളവര്‍ ടെസ്റ്റ് ടീമിന്റേയും ആഷ്‌ലി ജൈല്‍സ് ടി20, ഏകദിന ടീമിന്റെ പരിശീലകനുമായിരുന്നു. 

ആഷസ്, വെസ്റ്റ് ഇന്‍ഡീസ് തോല്‍വികള്‍ക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനത്ത് നിന്ന് സൂപ്പര്‍ താരം ജോ റൂട്ട് ഒഴിവായിരുന്നു. പകരം ക്യാപ്റ്റന്റെ നിയമനവും ബോര്‍ഡിന് മുന്നിലുണ്ട്. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് പുതിയ നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളില്‍ മുന്നിലുള്ളത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com