ചാമ്പ്യന്‍സ് ലീഗ്; വിയ്യാറയലിനെ 2-0ന് തകര്‍ത്ത് ലിവര്‍പൂള്‍; അപകടമൊഴിഞ്ഞിട്ടില്ലെന്ന് ക്ലോപ്പിന്റെ മുന്നറിയിപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 10:10 AM  |  

Last Updated: 28th April 2022 10:10 AM  |   A+A-   |  

villareal

വിയ്യാറയലിന് എതിരെ ഗോള്‍ നേടുന്ന മാനെ/ഫോട്ടോ: എഎഫ്പി

 

ആന്‍ഫീല്‍ഡ്: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ വിയ്യാറയലിന്റെ പ്രതിരോധ പൂട്ട് പൊളിച്ച് ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ക്ലോപ്പും സംഘവും വിയ്യാറയലിനെ കെട്ടുകെട്ടിച്ചത്. കഴിഞ്ഞ ആറ് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലെ വിയ്യാറയലിന്റെ ആദ്യ തോല്‍വിയാണ് ഇത്. 

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഓണ്‍ ഗോളിലൂടെയാണ് ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നത്. വലത് വിങ്ങില്‍ നിന്ന് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണില്‍ നിന്ന് വന്ന ഷോട്ട് വിയ്യാറയല്‍ താരം പെര്‍വിസിന്റെ ദേഹത്ത് തട്ടി വലയിലേക്ക് വീണു. 

സലയുടെ പാസില്‍ നിന്നാണ് മനേ വല കുലുക്കിയത്

ഓണ്‍ ഗോളിലൂടെ മുന്‍പിലെത്തി രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ലിവര്‍പൂള്‍ ലീഡ് ഉയര്‍ത്തി. 55ാം മിനിറ്റില്‍ മാനെയാണ് ലിവര്‍പൂളിനായി വല കുലുക്കിയത്. സലയുടെ പാസില്‍ നിന്നാണ് മനേ വല കുലുക്കിയത്. ആദ്യ പകുതിയുടെ 42ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് എടുക്കുമെന്ന് തോന്നിച്ചെങ്കിലും അല്‍കന്‍ടാരയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി അകന്നു. 

ക്വാര്‍ട്ടറില്‍ ബയേണിന് എതിരെ കണ്ടത് പോലെ പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് ലിവര്‍പൂളിന് എതിരേയും വിയ്യാറയല്‍ കളിച്ചത്. അവരില്‍ നിന്ന് വന്നത് ഒരു ഷോട്ട് മാത്രം. മറുവശത്ത് ലിവര്‍പൂളില്‍ നിന്ന് 19 ഷോട്ടുകള്‍ വന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് അഞ്ചും.

2 ഗോള്‍ മാര്‍ജിനില്‍ ജയം പിടിച്ചു എങ്കിലും ആശ്വസിക്കാറായിട്ടില്ല എന്നാണ് ടീം അംഗങ്ങള്‍ക്ക് ക്ലോപ്പ് നല്‍കുന്ന മുന്നറിയിപ്പ്. രണ്ടാം പാദ സെമി വിയ്യാറയലിന്റെ തട്ടികത്തിലാണ് നടക്കുന്നത്. ഇവിടെ അന്തരീക്ഷം അനുകൂലമായിരിക്കില്ല. അതിനാല്‍ അപകടം ഒഴിഞ്ഞിട്ടില്ല എന്നാണ് ക്ലോപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

ബെൻസമയുടെ പനേങ്ക കിക്ക്; കണ്ട്, അമ്പരന്നു തലയിൽ കൈവച്ച് ​ഗ്രൗണ്ടിൽ ഇരുന്ന് ​ഗെർഡിയോള (വീഡിയോ)

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ