ലോകകപ്പ് ഫുട്ബോൾ ആരവത്തിന് ഇനി 100 നാൾ; കിക്കോഫ് ഒരു ദിവസം മുൻപേ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 07:30 AM  |  

Last Updated: 12th August 2022 07:30 AM  |   A+A-   |  

world_cup

ഫയല്‍ ചിത്രം

 

ഖത്തർ: ലോകകപ്പ് ഫുട്ബോളിന്റെ ആരവമുയരാൻ ഇനി 100 ദിവസം. നവംബർ 21-ന്‌ കിക്കോഫ് നിശ്ചയിച്ചിരുന്ന ലോകകപ്പ് ഒരു ദിവസംമുമ്പ് തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ തീരുമാനമായെന്നും ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് സൂചന. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടനമത്സരമാകും 20-ന്‌ നടത്തുക.

നേരത്തേ 21-ന്‌ മൂന്നാമത്തെ മത്സരമായിട്ടാണ് ഖത്തറിന്റെ മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്ന്‌ ഉച്ചയ്ക്ക്‌ ഹോളണ്ട്-സെനഗൽ മത്സരവും വൈകുന്നേരം ഇംഗ്ലണ്ട്-ഇറാൻ മത്സരവും നടക്കുന്നതിനാൽ മൂന്നാമതായ ഉദ്ഘാടനമത്സരത്തിന്‌ പൊലിമ കുറയുമെന്ന കണക്കുകൂട്ടലിലാണ് കിക്കോഫ് തീയതി മാറ്റാൻ സംഘാടകർ ആലോചിക്കുന്നത്. അൽഖോർ നഗരത്തിലെ അൽ ബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിലാണ്‌ ഉദ്‌ഘാടനമത്സരം. 

60,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്‌. അഞ്ചു നഗരങ്ങളിലെ എട്ട്‌ സ്‌റ്റേഡിയങ്ങളാണ്‌ ലോകകപ്പിനായി ഒരുങ്ങിയിട്ടുള്ളത്‌. യൂറോപ്പിലെ പ്ലേ ഓഫ് വിജയിച്ച് വെയ്ൽസും ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓഫിലൂടെ ഓസ്ട്രേലിയയും കോസ്റ്ററീക്കയുംകൂടി എത്തിയതോടെ ഖത്തർ ലോകകപ്പിലെ ടീമുകളുടെ ചിത്രം പൂർത്തിയായി. 

32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്‌. അടുത്തതവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. ലോകകപ്പ്‌ ചരിത്രത്തിൽ ആദ്യമായി ഏഷ്യയിൽനിന്ന്‌ ആറ്‌ ടീമുകളാണ് ഫുട്ബോൾ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. അറബ്‌ലോകത്തെ ആദ്യ ലോകകപ്പാണിത്. ഏഷ്യയിൽ രണ്ടാംതവണയാണ് ലോകകപ്പ് നടക്കുന്നത്. സാധാരണ ലോകകപ്പ്‌ നടക്കുന്നത്‌ ജൂൺ, ജൂലൈ മാസങ്ങളിലാണ്‌. ആ സമയത്ത്‌ ഖത്തറിൽ കടുത്ത ചൂടായതിനാലാണ്‌ തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ

കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയെ നയിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ