21കാരന്‍ ഹീറോ, റാമോസിന്റെ ഹാട്രിക്കില്‍ പറങ്കിപ്പട; 6-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ചു

17ാം മിനിറ്റില്‍ വല കുലുക്കി ഗോണ്‍സാലോ റാമോസ് ആണ് പോര്‍ച്ചുഗലിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരെ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ ടീമിന്റെ പ്രകടനത്തെ അത് ബാധിക്കുമോയെന്നാണ് ആരാധകര്‍ക്ക് ആശങ്ക ഉയര്‍ന്നത്. എന്നാല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് തന്റെ പേരില്‍ കുറിച്ചാണ് ക്രിസ്റ്റ്യാനോയുടെ പകരക്കാരന്‍ ആ ആശങ്കകളെല്ലാം തട്ടിയകറ്റിയത്. 6-1ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ പോര്‍ച്ചുഗല്‍ വീഴ്ത്തിയപ്പോള്‍ അതില്‍ മൂന്ന് ഗോളും വന്നത് ഗോണ്‍സാലോ റാമോസില്‍ നിന്ന്...

17ാം മിനിറ്റില്‍ വല കുലുക്കി ഗോണ്‍സാലോ റാമോസ് ആണ് പോര്‍ച്ചുഗലിന്റെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ഡ്രിബിള്‍ ചെയ്യാനുള്ള ശ്രമത്തിന് പിന്നാലെ തന്റെ ഇടംകാലുകൊണ്ട് റാമോസ് തൊടുത്ത ഷോട്ട് ഗോള്‍ വല കുലുക്കി. 33ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ലീഡ് ഉയര്‍ത്തി പെപ്പെ എത്തി. സ്വിസ് താരം മാര്‍ക്ക് ചെയ്ത് നിന്നിട്ടും പ്രായം മറന്ന് പെപ്പെ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 

രണ്ടാം പകുതിയില്‍ 51ാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗലിന്റെ ലീഡ് ഉയര്‍ത്തി റാമോസ് വീണ്ടുമെത്തി. വലത് വിങ്ങില്‍ നിന്ന് ഡാലോട്ട് നല്‍കിയ ക്രോസില്‍ നിന്നാണ് റാമോസ് പന്ത് വലയിലെത്തിച്ചത്. നാല് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ഗുറെയ്‌റോ ഗോളുമായി എത്തി. 40 വാര പന്തുമായി ഓടിയ ബ്രൂണോ ഇടല് ഗുറെയ്‌റോയ്ക്ക് പന്ത് നല്‍കി. ഫിനിഷിങ്ങില്‍ പോര്‍ച്ചുഗല്‍ ലെഫ്റ്റ് ബാക്കിന് പിഴച്ചുമില്ല. 

66ാം മിനിറ്റില്‍ ഹാട്രിക് തികച്ച് റാമോസിന്റെ വരവ്

ഗുറെയ്‌റോയുടെ ഗോള്‍ വന്ന് മൂന്ന് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡും അക്കൗണ്ട് തുറന്നു. ഷക്കിരിയുടെ ബോക്‌സിനുള്ളിലേക്ക് എത്തിയ കോര്‍ണറില്‍ പെപ്പെയുടെ ഹെഡര്‍. പന്ത് നേരെ അകഞ്ചിയുടെ നേരെ. ബാക്ക് പോസ്റ്റില്‍ നിന്നിരുന്ന സ്വിസ് പ്രതിരോധനിര താരം തന്റെ വലത് കാല്‍ കൊണ്ട് പന്ത് വലയിലെത്തിച്ചു. 

എന്നാല്‍ 66ാം മിനിറ്റില്‍ ഹാട്രിക് തികച്ച് റാമോസിന്റെ വരവ്. ബ്രുണോ പന്ത് ഫെലിക്‌സിന് നല്‍കി. ഫെലിക്‌സ് റാമോസിന് നേര്‍ക്കും. സ്വിസ് ഗോള്‍കീപ്പറെ മറികടന്ന് പോര്‍ച്ചുഗലിന്റെ 21കാരന്‍ ലോകകപ്പില്‍ ഹാട്രിക് തികച്ചു. പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ 83ാം മിനിറ്റില്‍ വല കുലുക്കിയിരുന്നു. എന്നാല്‍ ഓഫ് സൈഡ് ഫഌഗ് ഉയര്‍ന്നു. 

ഇഞ്ചുറി ടൈമിലാണ് പോര്‍ച്ചുഗലിന്റെ ആറാം ഗോള്‍ വന്നത്. ലിയോയ്ക്കായിരുന്നു ഇത്തവണ ഊഴം. പകരക്കാരനായി ഗ്രൗണ്ടിലേക്ക് എത്തിയെങ്കിലും ഗോള്‍വല കുലുക്കാനാവാതെ ക്രിസ്റ്റ്യാനോയ്ക്ക് മടങ്ങേണ്ടി വന്നു. മൊറോക്കോയാണ് ക്വാര്‍ട്ടറില്‍ ഇനി പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com