ഇംഗ്ലണ്ടിനോട് തോറ്റു; പാകിസ്ഥാന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹവും പൊലിഞ്ഞു; നേട്ടം ഇന്ത്യക്ക്

ഇന്ത്യക്ക് ഇനി ആറ് ടെസ്റ്റ് പോരാട്ടങ്ങളാണ് മുന്നിലുള്ളത്. ഇതില്‍ അഞ്ചെണ്ണം ജയിച്ചാല്‍ ഫൈനലുറപ്പിക്കാം
പാക് ക്യാപ്റ്റൻ ബാബർ അസമുമായി ഹസ്തദാനം ചെയ്യുന്ന ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്/ പിടിഐ
പാക് ക്യാപ്റ്റൻ ബാബർ അസമുമായി ഹസ്തദാനം ചെയ്യുന്ന ഇം​ഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ്/ പിടിഐ

കറാച്ചി: ഇംഗ്ലണ്ടിനോട് രണ്ടാം ടെസ്റ്റിലും തോല്‍വി വഴങ്ങി പരമ്പര അടിയറവ് വച്ചതിന് പിന്നാലെ പാകിസ്ഥാന് മറ്റൊരു തിരിച്ചടി കൂടി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താനുള്ള പാകിസ്ഥാന്റെ അവസരമാണ് തോല്‍വിയോടെ ഇല്ലാതായത്. ആദ്യ ടെസ്റ്റില്‍ 74 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 26 റണ്‍സിനുമാണ് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനോട് പരാജയം സമ്മതിച്ചത്. 

തോല്‍വിയോടെ ലോക ടെസ്റ്റ് റാങ്കിങില്‍ അവര്‍ ആറാം സ്ഥാനത്തേക്ക് വീണു. 44.44ശതമാനം പോയിന്റുകളുമായി ഇംഗ്ലണ്ടാണ് റാങ്കിങില്‍ അഞ്ചാം സ്ഥാനത്തുള്ളത്. പാകിസ്ഥാന് 42.42 ശതമാനമാണ് പോയിന്റ്. പാകിസ്ഥാനെ തോല്‍പ്പിച്ചെങ്കിലും ഇംഗ്ലണ്ടിനും ഫൈനലിലേക്ക് എത്താനുള്ള സാധ്യതകള്‍ വിദൂരത്തില്‍ തന്നെയാണ്. ഇരുവരുടേയും അവസരം തുലാസിലായതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. 

52.08 ശതമാനം പോയിന്റുള്ള ഇന്ത്യ നാലാം സ്ഥാനത്തുണ്ട്. നിലവില്‍ ഫൈനലുറപ്പിക്കാനുള്ള പോരാട്ടത്തില്‍ ഒന്നാം റാങ്കിലുള്ള ഓസ്‌ട്രേലിയ, രണ്ടാമതുള്ള ദക്ഷിണാഫ്രിക്ക, മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക, നാലാമതുള്ള ഇന്ത്യ ടീമുകളാണ് ഉള്ളത്. ആദ്യ രണ്ട് റാങ്കിലെ ടീമുകള്‍ തമ്മിലായിരിക്കും അടുത്ത വര്‍ഷം നടക്കുന്ന കലാശപ്പോരാട്ടം. 

ഇന്ത്യക്ക് ഇനി ആറ് ടെസ്റ്റ് പോരാട്ടങ്ങളാണ് മുന്നിലുള്ളത്. ഇതില്‍ അഞ്ചെണ്ണം ജയിച്ചാല്‍ ഫൈനലുറപ്പിക്കാം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ത്തിന് നേടണം. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പര 4-0, 3-1, 3-0 എന്ന തരത്തിലോ നേടിയാല്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം. 

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഇനി ടെസ്റ്റ് പരമ്പരയുണ്ട്. ആദ്യ രണ്ട് റാങ്കിലുള്ള ഇവര്‍ തമ്മില്‍ പോരിനിറങ്ങുമ്പോള്‍ പോയിന്റ് നഷ്ടം ഇരുവരേയും ബാധിക്കും. മൂന്നാം റാങ്കിലുള്ള ശ്രീലങ്കയ്ക്കാകട്ടെ ഒരു ടെസ്റ്റ് പോരാട്ടം മാത്രമാണ് ഇനിയുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യക്ക് മികച്ച അവസരമാണ് മുന്നിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com