ഐതിഹാസികം, അര്‍ജന്റീന; ലോകകപ്പില്‍ മുത്തമിട്ട് മിശിഹായും കൂട്ടരും

ഫ്രാന്‍സിനെ പെനാര്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് വീഴ്ത്തിയാണ് അര്‍ജന്റീനയുടെ ഐതിഹാസിക വിജയം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ലോക കപ്പില്‍ മുത്തമിട്ട് ലയണല്‍ മെസിയുടെ അര്‍ജന്റീന. ഹൃദയം നിലച്ചുപോകുന്ന മത്സരത്തിനൊടുപ്പില്‍ മെസിയും കൂട്ടരും ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കി. ഫ്രാന്‍സിനെ പെനാര്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന്‌ വീഴ്ത്തിയാണ് അര്‍ജന്റീനയുടെ ഐതിഹാസിക വിജയം.

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു. എക്‌സ്ട്രാ ടൈമില്‍ ഓരോന്നുവീതമടിച്ചു സമനില പാലിച്ചതോടെയാണ്, മത്സരം ഷൂട്ടൗട്ട് വരെയെത്തിയത്.ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരേദസ്, മോണ്ടിയാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. 

 ഫ്രാന്‍സിനായി ലക്ഷ്യം കണ്ടത് കിലിയന്‍ എംബപെ, കോളോ മുവാനി എന്നിവര്‍ മാത്രം. കിങ്‌സ്ലി കോമന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയന്‍ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. കളിയുടെ 23ാം മിനിറ്റിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. 21 മിനിറ്റ് പിന്നിട്ടപ്പോള്‍ ബോക്‌സിലേക്ക് കയറി എയഞ്ചല്‍ ഡി മരിയയെ ഒസ്മാന്‍ ഡെംബലെ വീഴ്ത്തിയതാണ് പെനാല്‍റ്റിയിലേക്ക് വഴി തുറന്നത്. 23ാം മിനിറ്റില്‍ കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. ഹ്യൂഗോ ലോറിസിന് ഒരു പഴുതും നല്‍കാതെ പന്ത് വലയില്‍. മെസിയുടെ ടൂര്‍ണമെന്റിലെ ആറാം ഗോള്‍ കൂടിയായിരുന്നു ഇത്.

ഗോളടിച്ച ശേഷവും അര്‍ജന്റീന ആക്രമണം വിട്ടില്ല. പിന്നാലെ അവര്‍ ലീഡും ഉയര്‍ത്തും. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഈ ഗോളിന്റെ പിറവി. ഇതിനും ആരംഭം കുറിച്ചത് മെസി തന്നെ. മെസി തുടങ്ങി വച്ച മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. നായകന്‍ മറിച്ചു നല്‍കിയ പന്ത് സ്വീകരിച്ച മാക്ക് അലിസ്റ്റര്‍ ഫ്രഞ്ച് പ്രതിരോധ തടയാന്‍ എത്തും മുന്‍പ് തന്നെ കുതിച്ചെത്തിയ മരിയ്ക്ക് മറിച്ചു നല്‍കി. അപ്പോള്‍ മരിയെ തടയാന്‍ ആരും ഉണ്ടായിരുന്നില്ല. ലോറിസിന് ഒരു പഴുതും നല്‍കാതെ മരിയ പന്ത് സമര്‍ഥമായി വലയിലിട്ടു.

ഫ്രഞ്ച് പ്രതിരോധം അമ്പേ ശിഥിലമായത് സമര്‍ഥമായി മുതലെടുത്താണ് ഈ ഗോളിന്റെ പിറവി. ഗോള്‍ നേട്ടം മരിയ ആനന്ദ കണ്ണീര്‍ പൊഴിച്ചാണ് ആഘോഷിച്ചത്. പക്ഷേ 80ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി എംബാപ്പെ ഫ്രാന്‍സിന് ജീവ ശ്വാസം നല്‍കി. പിന്നാലെ കിടിലന്‍ ഗോളിലൂടെ താരം തന്നെ ഫ്രാന്‍സിന് സമനിലയും സമ്മാനിച്ചു. 80, 81 മിനിറ്റുകളിലാണ് ഈ ഗോളുകളുടെ പിറവി. ആദ്യ പകുതിയെ അപേക്ഷിച്ച് ഫ്രഞ്ച് പട മികച്ച നീക്കങ്ങളുമായി രണ്ടാം പകുതിയില്‍ കളിച്ചതോടെ കളിയുടെ ഗതിയും മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com