കരുത്തോടെ പോരാടി മധ്യനിര; വിന്‍ഡീസിന് മുന്നില്‍ 266 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ

കരുത്തോടെ പോരാടി മധ്യനിര; വിന്‍ഡീസിന് മുന്നില്‍ 266 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് മുന്നില്‍ 266 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 265 റണ്‍സില്‍ എല്ലാവരും പുറത്തായി. 

ഇന്ത്യക്കായി ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ ശതകം നേടി. ശ്രേയസ് ആണ് ടോപ് സ്‌കോറര്‍. വാഷിങ്ടന്‍ സുന്ദര്‍, ദീപക് ചഹര്‍ എന്നിവരും ചെറുത്തു നിന്നതോടെയാണ് ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സ്വന്തമായത്. 

42 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ രക്ഷിച്ചെടുത്തത് ശ്രേയസ് അയ്യര്‍- ഋഷഭ് പന്ത് സഖ്യമാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ശ്രേയസ് 111 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറുകള്‍ സഹിതം 80 റണ്‍സെടുത്തു. പന്ത് 54 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളും ഒരു സിക്‌സും സഹിതം 56 റണ്‍സ് കണ്ടെത്തി. 

വാഷിങ്ടന്‍ സുന്ദര്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സ് എടുത്തു. ദീപക് ചഹര്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സാണ് അടിച്ചെടുത്തത്. 

തുടക്കത്തില്‍ ഒരു ബോള്‍ വ്യത്യാസത്തില്‍ രോഹിത്തിന്റേയും കോഹ്‌ലിയുടേയും വിക്കറ്റ് വീഴ്ത്തി അല്‍സാരി ജോസഫ് ആണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയത്. പിന്നാലെ ഓഡേന്‍ സ്മിത്ത് ധവാനേയും മടക്കി. 

15 പന്തില്‍ നിന്ന് 13 റണ്‍സുമായാണ് രോഹിത് മടങ്ങിയത്. കോഹ്‌ലി രണ്ട് പന്തില്‍ ഡക്കായി. രോഹിത്തിനെ അല്‍സാരി ജോസഫ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ കോഹ്‌ലിയെ ഷായ് ഹോപ്പിന്റെ കൈകളില്‍ എത്തിച്ചു. പത്ത് റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്. താരത്തെ ഓഡേന്‍ സ്മിത്ത് ഹോള്‍ഡറുടെ കൈകളില്‍ എത്തിച്ചു. 

പിന്നാലെയാണ് ശ്രേയസിന് കൂട്ടായി പന്ത് ക്രീസിലെത്തിയത്. ഇരുവരും ചേര്‍ന്ന് പോരാട്ടം വിന്‍ഡീസ് ക്യാമ്പിലേക്ക് നയിക്കുകയായിരുന്നു. സ്‌കോര്‍ 152ല്‍ നില്‍ക്കെയാണ് പന്ത് പുറത്തായത്. പന്തിനെ ഹെയ്ഡന്‍ വാല്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് ക്യാച്ചെടുത്താണ് പുറത്താക്കിയത്. 

പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവിനെ ഫാബിയന്‍ അല്ലന്‍ ഷമ്ര ബ്രൂക്‌സിന്റെ കൈകളില്‍ എത്തിച്ചു. കുല്‍ദീപ് യാദവ് (5), മുഹമ്മദ് സിറാജ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. പ്രസിദ്ധ് കൃഷ്ണ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

വിന്‍ഡീസിനായി ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഒഡേന്‍ സ്മിത്ത്, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com