ബിപിഎല്ലില്‍ തുടരെ 5 മാന്‍ ഓഫ് ദി മാച്ച്, റെക്കോര്‍ഡ്; എന്നിട്ടും ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാതെ ഷാക്കിബ്‌

ആദ്യ ദിനം ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മുന്‍പോട്ട് വരാതിരുന്ന കളിക്കാരുടെ കൂട്ടത്തില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനുമുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബെംഗളൂരു: ഐപിഎല്‍ താര ലേലത്തിന്റെ ആദ്യ ദിനം ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ മുന്‍പോട്ട് വരാതിരുന്ന കളിക്കാരുടെ കൂട്ടത്തില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ്‌ അല്‍ ഹസനുമുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തുടരെ അഞ്ചാം മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയിട്ടും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ കണ്ണിലുടക്കാന്‍ ഷാക്കീബിന് കഴിഞ്ഞിട്ടില്ല. 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യൂണ്‍ ബാരിഷാലിന്റെ ക്യാപ്റ്റനാണ് ഷക്കീബ്. ട്വന്റി20 ഫോര്‍മാറ്റില്‍ തുടരെ അഞ്ച് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന ആദ്യ താരമാവുകയാണ് ഷാക്കീബ്. മിനിസ്റ്റര്‍ ധാക്ക സ്‌കൂളിന് എതിരായ കളിയില്‍ 29 പന്തില്‍ നിന്ന് ഷക്കീബ് 51 റണ്‍സ് നേടി. ബൗളിങ്ങില്‍ ഒരു വിക്കറ്റും വീഴ്ത്തി ടീമിന്റെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന താരം എന്ന നേട്ടം നേരത്തെ തന്നെ ഷക്കീബ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് കളികളില്‍ ഷക്കീബിന്റെ പ്രകടനം ഇങ്ങനെ, 

മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയ്ക്ക് എതിരെ-51 റണ്‍സ്, 4-0-21-1
സണ്‍റൈസേഴ്‌സിന് എതിരെ-38 റണ്‍സ്, 4-0-23-2
കോമിലാ വിക്ടോറിയന്‍സ്-50 റണ്‍സ്,4-0-20-2
ചട്ടോഗ്രാം ചലഞ്ചേഴ്‌സ്-50 റണ്‍സ്, 4-0-23-3
കുല്‍ന ടൈഗേഴ്‌സ്-41 റണ്‍സ്, 4-0-10-2

താര ലേലത്തിന്റെ രണ്ടാം ദിനം ഷക്കീബിനും പ്രതീക്ഷ

ഐപിഎല്ലില്‍ രണ്ട് കോടി രൂപയായിരുന്നു ഷക്കീബിന്റെ അടിസ്ഥാന വില. 71 ഐപിഎല്‍ മത്സരങ്ങളാണ് ഷക്കീബ് കളിച്ചിട്ടുള്ളത്. നേടിയത് 793 റണ്‍സ്. ബാറ്റിങ് ശരാശരി 19.82 മാത്രം. ഐപിഎല്ലില്‍ 63 വിക്കറ്റാണ് ഷക്കീബ് വീഴ്ത്തിയത്. ഐപിഎല്‍ താര ലേലത്തിന്റെ രണ്ടാം ദിനം ഷക്കീബിനായി ഫ്രാഞ്ചൈസികള്‍ എത്താനുള്ള സാധ്യതയും തള്ളാനാവില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com