മധ്യനിര മാന്ത്രികന്‍, ഈസ്റ്റ് ബംഗാള്‍ ഇതിഹാസം; സുരജിത് സെന്‍ഗുപ്ത വിട വാങ്ങി

മധ്യനിര മാന്ത്രികന്‍, ഈസ്റ്റ് ബംഗാള്‍ ഇതിഹാസം; സുരജിത് സെന്‍ഗുപ്ത വിട വാങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത:  മുന്‍ ഇന്ത്യന്‍ മധ്യനിര താരവും ഈസ്റ്റ് ബംഗാള്‍ ഇതിഹാസവുമായ സുരജിത് സെന്‍ഗുപ്ത അന്തരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു. കോവിഡ് ബാധിതനായി ദീര്‍ഘ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ഒരാഴ്ചയായി ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞ് ഒരാഴ്ചയായി അദ്ദേഹം. കോവിഡ് ബാധിതനായി ജനുവരി 23നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

1951 ഓഗസ്റ്റ് 30ന് പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ചക്ബസാറിലാണ് അദ്ദേഹത്തിന്റെ ജനനം. കിദ്ദര്‍പോര്‍ ക്ലബിലൂടെയാണ് അദ്ദേഹം തന്റെ ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. 

1970കളില്‍ തന്റെ മാന്ത്രിക ഡ്രിബ്ലിങ് മാന്ത്രികതയുമായി കളം നിറഞ്ഞ ആദ്ദേഹം കൊല്‍ക്കത്തന്‍ മൈതാനങ്ങളെ ത്രസിപ്പിച്ച താരമാണ്. മോഹന്‍ ബഗാനില്‍ ഇതിഹാസ പരിശീലകന്‍ സൈലന്‍ മന്നയ്ക്ക് കീഴില്‍ കളിച്ച അദ്ദേഹം പിന്നീട് ഈസ്റ്റ് ബംഗാളിനായും ബൂട്ടുകെട്ടി. പിന്നീട് അവരുടെ ഇതിഹാസ താരമായി അദ്ദേഹം മാറി. 

ഇസ്റ്റ് ബംഗാളിനായി 1974, 75, 77 വര്‍ഷങ്ങളില്‍ കല്‍ക്കത്ത ലീഗ് കിരീടം നേടി. 1974ല്‍ ഡിസിഎ ട്രോഫി, 1974, 75, 76 വര്‍ഷങ്ങളില്‍ ഐഎഫ്എ ഷീല്‍ഡ്, 1976ല്‍ ഡാര്‍ജീലിങ് ഗോള്‍ഡ് കപ്പ്, 78ല്‍ ഫെഡറേഷന്‍ കപ്പ്, 75ല്‍ റോവേഴ്‌സ് കപ്പ്, 78ല്‍ ഡ്യൂറന്റ് കപ്പ്, ബോര്‍ഡൊലോയ് ട്രോഫി എന്നിവയും ടീമിനൊപ്പം നേടി. 

മോഹന്‍ ബഗാനായി 54 ഗോളുകള്‍ നേടിയ അദ്ദേഹം 1981, 82 വര്‍ഷങ്ങളില്‍ ടീമിനൊപ്പം ഫെഡറേഷന്‍ കപ്പ് കിരീടം നേടി. 81ല്‍ നാഗ്ജി കിരീടം, 82ല്‍ ഡ്യൂറന്റ് കപ്പ് നേട്ടങ്ങളിലും പങ്കാളിയായി. 

പിന്നീട് മുഹമ്മദന്‍ സ്‌പോട്ടിങിനായി അദ്ദേഹം ഒരു സീസണിലും കളിച്ചു. 1980ലായിരുന്നു അത്. പിന്നീട് മോഹന്‍ ബഗാനില്‍ തിരിച്ചെത്തിയ സെന്‍ഗുപ്ത അവിടെ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 

1974ല്‍ തായ്‌ലന്‍ഡിനെതിരായ പോരാട്ടത്തിലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. 1974, 78 വര്‍ഷങ്ങളില്‍ ഇന്ത്യക്കായി ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനിറങ്ങി. 1974 മെര്‍ദേക്ക കപ്പ്, 1977ല്‍ പ്രസിഡന്റ്‌സ് കപ്പ് എന്നിവയിലും ദേശീയ ടീമിനായി ഇറങ്ങി. 1978ല്‍ കുവൈത്തിനെതിരെ ഏഷ്യന്‍ ഗെയിംസില്‍ അദ്ദേഹം ടീമിനായി വല ചലിപ്പിച്ചു. അദ്ദേഹത്തിന്റെ പേരിലുള്ള ഏക അന്താരാഷ്ട്ര ഗോളാണിത്. ബംഗാളിനായി സന്തോഷ് ട്രോഫിയിലും അദ്ദേഹം കളിച്ചിട്ടുണ്ട്. 

2018ല്‍ ഈസ്റ്റ് ബംഗാള്‍ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഫുട്‌ബോള്‍ കളത്തോട് വിട പറഞ്ഞ അദ്ദേഹം പിന്നീട് കോളമെഴുത്തുകാരനായാണ് അറിയപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com