രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി; മേഘാലയക്കെതിരെ കേരളത്തിന് ലീഡ്

97 പന്തുകള്‍ നേരിട്ട രോഹന്‍ 17 ഫോറുകളും ഒരു സിക്‌സും സഹിതം 107 റണ്‍സാണ് കണ്ടെത്തിയത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

രാജ്‌കോട്ട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി കേരളം. എലൈറ്റ് ഗ്രൂപ്പ് എയില്‍ ആദ്യം ബാറ്റ് ചെയ്ത മേഘാലയയുടെ പോരാട്ടം വെറും 148 റണ്‍സില്‍ അവസാനിപ്പിച്ച കേരളം ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയില്‍. കേരളത്തിന് 57 റണ്‍സ് ലീഡ്. 

ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ കിടയറ്റ സെഞ്ച്വറിയാണ് കേരളത്തിന് തുണയായത്. മറ്റൊരു ഓപ്പണര്‍ പി രാഹുല്‍ സെഞ്ച്വറിക്കരികിലാണ്. താരം 91 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 

97 പന്തുകള്‍ നേരിട്ട രോഹന്‍ 17 ഫോറുകളും ഒരു സിക്‌സും സഹിതം 107 റണ്‍സാണ് കണ്ടെത്തിയത്. താരത്തെ ഖുരാനയുടെ പന്തില്‍ രവി തേജ ക്യാച്ചെടുത്ത് പുറത്താക്കി. 

രാഹുല്‍ 117 പന്തുകള്‍ നേരിട്ട് 13 ഫോറുകളും ഒരു സിക്‌സും സഹിതമാണ് 91 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നത്. കളി നിര്‍ത്തുമ്പോള്‍ നാല് റണ്‍സുമായി ജലജ് സക്‌സേനയാണ് രാഹുലിന് കൂട്ടായി ക്രീസിലുള്ളത്. 

നാല് വിക്കറ്റെടുത്ത് ഏദന്‍ ആപ്പിള്‍ ടോം; ശ്രീശാന്തിന് രണ്ട് വിക്കറ്റ്

ടോസ് നേടി കേരളം ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രീശാന്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കേരളത്തിനായി അരങ്ങേറിയ 17കാരന്‍ ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റുകള്‍ വീഴ്ത്തി അരങ്ങേറ്റം അവിസ്മരണീയമാക്കി. 

40.4 ഓവറിലാണ് കേരളം മേഘാലയയെ 148 റണ്‍സിന് പുറത്താക്കിയത്. ഏദന്‍ ആപ്പിള്‍ ടോം 9 ഓവറില്‍ 41 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ പിഴുതത്. ശ്രീശാന്ത് 11.5 ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മനു കൃഷ്ണന്‍ മൂന്ന് വിക്കറ്റുകളും ബേസില്‍ തമ്പി ഒരു വിക്കറ്റെടുത്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മേഘാലയക്കായി ക്യാപ്റ്റന്‍ പുനീത് ബിഷ്ടിന്റെ അര്‍ധ സെഞ്ച്വറിയാണ് സ്‌കോര്‍ 100 കടത്തിയത്. സഹതാരങ്ങളെല്ലാം കേരളത്തിനു മുന്നില്‍ കളി മറന്ന മത്സരത്തില്‍, പുനീത് ബിഷ്ട് നേടിയത് 93 റണ്‍സ്. 90 പന്തില്‍ 19 ഫോറുകളോടെ 93 റണ്‍സെടുത്ത ബിഷ്ടിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. 

മേഘാലയ നിരയില്‍ പുനീതിനു പുറമെ രണ്ടക്കം കണ്ടത് ഓപ്പണര്‍ കിഷന്‍ ലിങ്‌ദോ (48 പന്തില്‍ 26), ചിരാഗ് ഖുറാന (37 പന്തില്‍ 15) എന്നിവര്‍ മാത്രം. കിന്‍ഷി (0), രവി തേജ (1), ലെറി (1), ഡിപ്പു (2), ആകാശ് കുമാര്‍ (0), ആര്യന്‍ (1), ചെങ്കാം സാങ്മ (0) എന്നിവര്‍ നിരാശപ്പെടുത്തി.

രാജ്‌കോട്ടിലാണ് മത്സരം. പരുക്കിന്റെ പിടിയിലായ സഞ്ജു സാംസണ്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. സച്ചിന്‍ ബേബിയാണ് കേരള ടീമിന്റെ നായകന്‍. മേഘാലയയ്‌ക്കെതിരെ മികച്ച വിജയം നേടി തുടക്കം ഗംഭീരമാക്കുകയാണു കേരളത്തിന്റെ ലക്ഷ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com