വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ലങ്കയെ തകര്‍ത്തു; റണ്‍വേട്ടയില്‍ ഒന്നാമനായി രോഹിത്

വിജയത്തോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി
ഇന്ത്യൻ ടീമിന്റെ ആഹ്ലാദം/ ചിത്രം: പിടിഐ
ഇന്ത്യൻ ടീമിന്റെ ആഹ്ലാദം/ ചിത്രം: പിടിഐ

ലഖ്‌നൗ: ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ലക്‌നൗ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഒന്നാം ട്വന്റി 20 യില്‍ ലങ്കയെ 62 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി ട്വന്റി 20 റാങ്കില്‍ ഒന്നാമതെത്തിയത് ഇന്ത്യ വിജയത്തോടെ ആഘോഷിച്ചു. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ യുവതാരം ഇഷാന്‍ കിഷന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവില്‍, നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. ശ്രീലങ്കയുടെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറിയുടെ വക്കോളമെത്തിയ അര്‍ധസെഞ്ചുറി പ്രകടനവുമായി ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ വിജയശില്‍പിയായി. 

56 പന്തില്‍ 10 ഫോറും മൂന്നു സിക്‌സും സഹിതം ഇഷാന്‍ കിഷന്‍ 89 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ (28 പന്തില്‍ പുറത്താകാതെ 57), രോഹിത് ശര്‍മ (32 പന്തില്‍ 44) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ആദ്യ വിക്കറ്റ് ആദ്യ പന്തില്‍ത്തന്നെ പിഴുത് ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. ഭുവനേശ്വര്‍ കുമാറും വെങ്കടേഷ് അയ്യരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഒന്നാം സ്ഥാനത്ത് രോഹിത് ശര്‍മ്മ

മത്സരത്തിനിടെ രണ്ടു റെക്കോര്‍ഡുകളും പിറന്നു. രാജ്യാന്തര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലി (3296), മാര്‍ട്ടിന്‍ ഗപ്ടില്‍ (3299) എന്നിവരെ മറികടന്ന് 3307 റണ്‍സുമായാണ് രോഹിത് ഒന്നാമതെത്തിയത്. ലങ്കന്‍ നായകന്‍ ദസൂണ്‍ ഷാനകയെ പുറത്താക്കിയ യുസ്‌വേന്ദ്ര ചെഹല്‍, ട്വന്റി20യില്‍ കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരങ്ങളില്‍ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ഒന്നാമനായി.

വിജയത്തോടെ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഈ മാസം 26, 27 തീയതികളിലായി ധരംശാലയില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com