കത്തിക്കയറി ഷനക; ഇന്ത്യക്ക് ജയിക്കാന്‍ 184 റണ്‍സ്

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പതും നിസ്സങ്കയുടെ ഉജ്ജ്വല ബാറ്റിങും ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ടുമാണ് ലങ്കയെ മികച്ച സ്കോറിലെത്തിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധരംശാല: രണ്ടാം ടി20 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 184 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് കണ്ടെത്തി. 

അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പതും നിസ്സങ്കയുടെ ഉജ്ജ്വല ബാറ്റിങും ആറാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ടുമാണ് ലങ്കയെ മികച്ച സ്കോറിലെത്തിച്ചത്.

നിസ്സങ്ക 53 പന്തുകള്‍ നേരിട്ട് 75 റണ്‍സ് കണ്ടെത്തി. 11 ഫോറകള്‍ സഹിതമാണ് നിസ്സങ്ക അര്‍ധ ശതകം പിന്നിട്ടത്. ഷനക 19 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം അടിച്ചുകൂട്ടിയത് 47 റണ്‍സ്. ക്യാപ്റ്റന്‍ പുറത്താകാതെ നിന്നു. ചമിക കരുണരത്‌നെയും റണ്ണൊന്നുമെടുക്കാതെ ക്രീസില്‍ തുടര്‍ന്നു. 

ബാറ്റിങിന് ഇറങ്ങിയ ലങ്കയ്ക്കായി ഓപ്പണര്‍മാരായ നിസ്സങ്കയും ധനുഷ്‌ക ഗുണതിലകയും മികച്ച തുടക്കമാണ് നല്‍കിയത്. ഗുണതിലക പുറത്തായതിന് പിന്നാലെ ലങ്കയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ഗുണതിലക 29 പന്തുകള്‍ നേരിട്ട് 38 റണ്‍സാണ് അടിച്ചെടുത്തത്. നാല് ഫോറും രണ്ട് സിക്‌സും താരം പറത്തി.

ഒരറ്റത്ത് നിസ്സങ്ക നിന്നെങ്കിലും മറുഭാഗത്ത് തുടരെ വിക്കറ്റുകള്‍ വീണു. ചരിത് അസലങ്ക (2), കമില്‍ മിശ്ര (1), ദിനേഷ് ചാന്‍ഡിമല്‍ (9) എന്നിവരാണ് പുറത്തായത്. 

ഇന്ത്യക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. ഭുവനേശ്വര്‍ കുമാര്‍, ബുമ്‌റ, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com