'എതിരാളികളായി വേണ്ടേ വേണ്ട'- റഷ്യക്കെതിരെ ഫുട്‌ബോള്‍ കളിക്കില്ലെന്ന് സ്വീഡനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th February 2022 09:22 PM  |  

Last Updated: 26th February 2022 09:26 PM  |   A+A-   |  

sweden

ഫോട്ടോ: ട്വിറ്റർ

 

വാര്‍സോ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ കായിക ലോകത്തെ പ്രതിഷേധം കനക്കുന്നു. പോളണ്ടിന് പിന്നാലെ റഷ്യക്കെതിരെ മത്സരിക്കാന്‍ വിസമ്മതിച്ച് സ്വീഡന്‍ ഫുട്‌ബോള്‍ ടീമും. സ്വീഡൻ ഫുട്ബോൾ ഫെഡറേഷന്റേതാണ് തീരുമാനം.

റഷ്യക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്നാണ് സ്വീഡന്‍ വ്യക്തമാക്കിയത്. റഷ്യക്കെതിരെ ലോകത്തെ ഒരു വേദിയിലും കളിക്കാന്‍ താത്പര്യമില്ലെന്നും സ്വീഡന്‍ വ്യക്തമാക്കി. 

മാര്‍ച്ച് 24ലെ പോളണ്ട് റഷ്യ പോരാട്ടത്തില്‍ റഷ്യ വിജയിച്ചാല്‍ മാര്‍ച്ച് 29ന് ചെക്ക് റിപ്പബ്ലിക്ക്, സ്വീഡന്‍ ടീമുകളിലൊന്നുമായി റഷ്യക്ക് മത്സരിക്കേണ്ടി വരും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ഫുട്‌ബോള്‍ അസോസിയേഷനുമായി പോളണ്ട് ഫുട്‌ബോള്‍ അധികൃതകള്‍ ചര്‍ച്ച നടത്തിയിരുന്നു. മോസ്‌ക്കോയിലെ മത്സരം മാറ്റണമെന്ന് സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക് ടീമുകള്‍ ഫിഫയോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. 

'ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാൻ ഞങ്ങൾക്ക് കഴിയില്ല'

റഷ്യക്കെതിരായ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ ഇല്ലെന്ന് നേരത്തെ പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. മാര്‍ച്ച് 24നാണ് റഷ്യയും പോളണ്ടും തമ്മിലുള്ള പ്ലേ ഓഫ് പോരാട്ടം. മോസ്‌ക്കോയിലാണ് മത്സരം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. 

'വെറും വാക്കുകള്‍ പറയാനില്ല, ഇപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള സമയമാണ്. യുക്രൈനെതിരായ റഷ്യന്‍ ഫെഡറേഷന്റെ ആക്രമണം രൂക്ഷമായതിനാല്‍, പോളിഷ് ദേശീയ ടീം റഷ്യക്കെതിരായ പ്ലേ ഓഫ് മത്സരം കളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതാണ് ശരിയായ തീരുമാനം' പോളിഷ് എഫ്എ തലവന്‍ സെസരി കുലേസ പറഞ്ഞു.

'ഇക്കാര്യം സംബന്ധിച്ച് ഫിഫയില്‍ ഒരു പൊതു നിലപാട് കൊണ്ടുവരാന്‍ ഞങ്ങള്‍ സ്വീഡനിലെയും ചെക്ക് റിപ്പബ്ലിക്കിലെയും ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തുകയാണ്' കുലേസ കൂട്ടിച്ചേര്‍ത്തു. 

പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനത്തെ പിന്തുണച്ച് ക്യാപ്റ്റനും സൂപ്പര്‍ താരവുമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും രംഗത്തെത്തി. 'ഇത് ശരിയായ തീരുമാനമാണ്! യുക്രൈനില്‍ സായുധ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ റഷ്യന്‍ ദേശീയ ടീമുമായി ഒരു മത്സരം കളിക്കുന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. റഷ്യന്‍ ഫുട്‌ബോള്‍ കളിക്കാരും ആരാധകരും ഇതിന് ഉത്തരവാദികളല്ല, പക്ഷേ ഒന്നും സംഭവിക്കുന്നില്ലെന്ന് നടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല' ലെവന്‍ഡോസ്‌കി ട്വിറ്ററില്‍ കുറിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ സംബന്ധിച്ച് വൈകാതെ തന്നെ തീരുമാനം എടുക്കുമെന്ന് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു.