'ടി20 നായക സ്ഥാനം ഒഴിയരുതെന്ന് എല്ലാവരും പറഞ്ഞു', കോഹ്‌ലിയുടെ വാദങ്ങള്‍ തള്ളി ചീഫ് സെലക്ടര്‍ 

വിരാട് കോഹ്‌ലി ടി20 നായകത്വം രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ
വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍
വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി ടി20 നായകത്വം രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. സെലക്ഷന്‍ മീറ്റിങ്ങിലുണ്ടായ എല്ലാവരും ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരണം എന്ന് കോഹ്‌ലിയോട് പറയുകയാണ് ചെയ്തത് എന്ന് ചേതന്‍ ശര്‍മ പറയുന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോഴാണ് കോഹ്‌ലി വിഷയത്തിലും ചേതന്‍ ശര്‍മ പ്രതികരിച്ചത്. ടി20 നായക സ്ഥാനം രാജിവെക്കരുത് എന്ന് ബിസിസിഐയിലേയോ സെലക്ഷന്‍ കമ്മിറ്റിയിലേയോ ആരും തന്നോട് ആവശ്യപ്പെട്ടില്ലെന്ന കോഹ്‌ലിയുടെ വാദമാണ് ഇവിടെ ചേതന്‍ ശര്‍മ തള്ളുന്നത്. 

ലോകകപ്പ് സംഘത്തെ തെരഞ്ഞെടുക്കാനുള്ള യോഗം തുടങ്ങിയപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചാണ് കോഹ് ലി തീരുമാനം പറഞ്ഞത്. കാരണം ലോകകപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഉണ്ടായത്. യോഗത്തില്‍ ഉണ്ടായിരുന്ന എല്ലാവരും കോഹ് ലിയോട് തീരുമാനം പുനരാലോചിക്കണം എന്ന് ആവശ്യപ്പെട്ടു, ചേതന്‍ ശര്‍മ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിനെ ഓര്‍ത്ത് നായക സ്ഥാനത്ത് തുടരണം എന്നാവശ്യപ്പെട്ടു

ഈ സമയം കോഹ് ലി നായക സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിക്കുന്നത് ലോകകപ്പിനെ ബാധിക്കും എന്നാണ് സെലക്ഷന്‍ കമ്മറ്റിയിലെ എല്ലാവരും പറഞ്ഞത്. ടൂര്‍ണമെന്റിന് ശേഷമാവാം ഇതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. 

ഇന്ത്യന്‍ ക്രിക്കറ്റിനെ ഓര്‍ത്ത് നായക സ്ഥാനത്ത് തുടരണം എന്നാണ് അവിടെ ഉണ്ടായിരുന്ന എല്ലാവരും കോഹ് ലിയോട് പറഞ്ഞത്. എല്ലാവരും കോഹ് ലിയോട് പറഞ്ഞു. ആരാണ് പറയാതിരുന്നത്? പെട്ടെന്ന് അതുപോലൊരു തീരുമാനം കേള്‍ക്കുമ്പോള്‍ ആരായാലും ഞെട്ടും. ലോകകപ്പുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനാല്‍ എല്ലാവരും ഞെട്ടലിലായിരുന്നു. 

ഏകദിന ക്യാപ്റ്റന്‍സിയിലെ മാറ്റം ഒരു ദിവസം മുന്‍പേ അറിയിച്ചു

സെലക്ഷന്‍ യോഗത്തിന് ഒരു ദിവസം മുന്‍പ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതായി കോഹ് ലിയെ അറിയിച്ചിരുന്നു. എനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവുന്ന വിഷയമല്ല ഇത്. 5 സെലക്ടര്‍മാരും ധാരണയിലെത്തിയതിന് ശേഷമാണ് ക്യാപ്റ്റനെ വിവരം അറിയിക്കാന്‍ സാധിക്കുകയുള്ളു. അഞ്ച് സെലക്ടര്‍മാരും ധാരണയില്‍ എത്തിയതോടെ ഉടനെ തന്നെ കോഹ് ലിയെ തീരുമാനം അറിയിച്ചു. 

ടീം ഒരു പരമ്പരയുടെ മധ്യത്തില്‍ നില്‍ക്കുന്ന സമയം ക്യാപ്റ്റനെ മാറ്റുന്നതായി പറയുന്നത് ശരിയല്ല. അതാണ് ഏകദിന ടീമിനെ പ്രഖ്യാപിച്ച ഇന്ന് ക്യാപ്റ്റന്‍സി മാറ്റം പറയുന്നതിന് മുന്‍പ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പറഞ്ഞത്. അല്ലാതെ പരമ്പരയുടെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ വിളിച്ച് നിങ്ങള്‍ ഇനി ക്യാപ്റ്റനല്ല എന്ന് പറയാനാവില്ല. ഇവിടെ ആശയവിനിമയം നടത്തുന്നതില്‍ ഒരു പിഴവും സംഭവിച്ചിട്ടില്ല. എല്ലാ ഡൊമസ്റ്റിക് കളിക്കാരുമായി പോലും ഞങ്ങള്‍ 5 സെലക്ടര്‍മാര്‍ സംസാരിക്കുന്നു. അത് ഞങ്ങളുടെ ജോലിയാണ്.  ചേതന്‍ ശര്‍മ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com