''ധോനിക്ക് നല്‍കിയ പിന്തുണ ലഭിച്ചിരുന്നേല്‍ എല്ലാവരും നന്നായി കളിക്കും, അല്ലാതെ കഴിവില്ലാഞ്ഞിട്ടല്ല''

ബിസിസിഐയിലെ ചിലരുടെ താത്പര്യത്തെ തുടര്‍ന്നാണ് തന്റെ സ്ഥാനം നഷ്ടമായത് എന്നും ഹര്‍ഭജന്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അര്‍ഹിച്ച പിന്തുണ തനിക്ക് ലഭിച്ചിരുന്നു എങ്കില്‍ 100-150 വിക്കറ്റുകള്‍ കൂടി നേടാന്‍ സാധിക്കുമായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ബിസിസിഐയിലെ ചിലരുടെ താത്പര്യത്തെ തുടര്‍ന്നാണ് തന്റെ സ്ഥാനം നഷ്ടമായത് എന്നും ഹര്‍ഭജന്‍ പറഞ്ഞു. 

31ാം വയസില്‍ ടെസ്റ്റില്‍ 400 വിക്കറ്റ് നേട്ടത്തില്‍ എത്തിയ കളിക്കാരനാണ് ഞാന്‍. 4-5 വര്‍ഷം കൂടി കളിക്കാന്‍ സാധിച്ചിരുന്നു എങ്കില്‍ 150 വിക്കറ്റ് വരെ അനായാസം നേടാമായിരുന്നു. ധോനിയായിരുന്നു ആ സമയം നായകന്‍. എന്നാല്‍ എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ധോനിയുടെ പരിധിയില്‍ നില്‍ക്കുന്ന കാര്യമായിരുന്നില്ല. 

ക്യാപ്റ്റനേയും പരിശീലകനേയും ടീമിനെക്കാളുമെല്ലാം വലുത് ബിസിസിഐ

ഇക്കാര്യങ്ങളില്‍ ഇടപെട്ടിരുന്ന ബിസിസിഐ അധികൃതരുണ്ടായിരുന്നു. എന്നെ അവര്‍ക്ക് ഒട്ടും താത്പര്യമുണ്ടായില്ല. ക്യാപ്റ്റനെന്ന നിലയില്‍ അതിനെ ധോനി പിന്തുണച്ചിട്ടുണ്ടാവും. എന്നാല്‍ ക്യാപ്റ്റന്‍ ഒരിക്കലും ബിസിസിഐക്ക് മുകളിലല്ല. ബിസിസിഐ അധികൃതര്‍ തന്നെയാണ് എല്ലാ കാലത്തും ക്യാപ്റ്റനേയും പരിശീലകനേയും ടീമിനെക്കാളുമെല്ലാം വലുത്, ഹര്‍ഭജന്‍ പറയുന്നു. 

മറ്റ് കളിക്കാരേക്കാളെല്ലാം ബിസിസിഐയില്‍ നിന്ന് വലിയ പിന്തുണ ലഭിച്ച വ്യക്തിയാണ് ധോനി. സമാനമായ പിന്തുണ മറ്റ് കളിക്കാര്‍ക്കും ലഭിച്ചിരുന്നു എങ്കില്‍ അവരും മികച്ച കളി പുറത്തെടുക്കുമായിരുന്നു. അതല്ലാതെ മറ്റ് കളിക്കാര്‍ മോശമായിട്ടല്ല. 

ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മത്സരം കളിച്ച് വിടപറയാനാവും എല്ലാ കളിക്കാരുടേയും ആഗ്രഹം. എന്നാല്‍ നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കില്ലല്ലോ. രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് ഉള്‍പ്പെടെയുള്ള കളിക്കാര്‍ക്കൊന്നും അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ വിരമിക്കാനുള്ള അവസരം ലഭിച്ചില്ല, ഹര്‍ഭജന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com