പിഴയ്ക്കുന്ന ഷോട്ട് സെലക്ഷന്‍; ഋഷഭ് പന്തുമായി സംസാരിക്കുമെന്ന് രാഹുല്‍ ദ്രാവിഡ്

'പോസിറ്റീവ് പ്ലേയര്‍ ആവരുത് എന്നോ, ആക്രമിച്ച് കളിക്കരുത് എന്നോ ആരും ഒരിക്കലും പന്തിനോട് പറയില്ല'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: ഷോട്ട് സെലക്ഷന്‍ സംബന്ധിച്ച് വിമര്‍ശനം ഉയരവെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തുമായി ഇക്കാര്യം സംസാരിക്കുമെന്ന് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്‌. പോസിറ്റീവായാണ് പന്ത് കളിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. 

താന്‍ കളിക്കുന്ന വിധത്തില്‍ ചെറിയ വിജയം കണ്ടെത്താന്‍ പന്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ അതുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടതായി വരും. ആ ഷോട്ട് ആ സമയം കളിച്ചതാണ് സംഭവം, വാന്‍ഡറേഴ്‌സ് ടെസ്റ്റിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ ദ്രാവിഡ് പറഞ്ഞു. 

വാന്‍ഡറേഴ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായി ഋഷഭ് പന്ത്‌

ജോഹന്നാസ്ബര്‍ഗിലെ രണ്ടാം ഇന്നിങ്‌സില്‍ നേരിട്ട മൂന്നാമത്തെ ഡെലിവറിയില്‍ തന്നെ റബാഡക്കെതിരെ കൂറ്റന്‍ ഷോട്ട് കളിക്കാനാണ് പന്ത് ശ്രമിച്ചത്. എന്നാല്‍ എഡ്ജ് ചെയ്ത് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തി. ഇതോടെ പന്തിന്റെ ഷോട്ട് സെലക്ഷന് എതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. 

''പോസിറ്റീവ് പ്ലേയര്‍ ആവരുത് എന്നോ, ആക്രമിച്ച് കളിക്കരുത് എന്നോ ആരും ഒരിക്കലും പന്തിനോട് പറയില്ല. എന്നാല്‍ അങ്ങനെ കളിക്കേണ്ട സമയം ഇതാണോ എന്ന ചോദ്യം ഉയരാം. നിങ്ങള്‍ ക്രീസിലേക്ക് വന്നതേ ഉള്ളു. കുറച്ച് സമയം എടുത്ത് കളിക്കുന്നതാണ് ഉചിതം. എന്നാല്‍ പന്തിലൂടെ എന്ത് ഫലമാണ് ലഭിക്കുക എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്നത്''. 

പോസിറ്റീവ് കളിക്കാരനാണ് പന്ത്. വളരെ പെട്ടെന്ന് കളിയുടെ ഗതി തിരിക്കാന്‍ സാധിക്കുന്ന താരം. ആ രീതി തുടരരുത് എന്നും അതില്‍ നിന്ന് വ്യത്യസ്തനായ ഒരാളാവാനും പന്തിനോട് പറയാനാവില്ല എന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com