ബ്ലാസ്റ്റേഴ്‌സ് 'നമ്പര്‍ വണ്‍'; ഹൈദരബാദിനെ തോല്‍പ്പിച്ചു

42-ാം മിനിറ്റില്‍ സ്പാനിഷ്  സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വസാണ് ഗോള്‍ നേടിയത്.
ഗോള്‍ നേടിയ സ്പാനിഷ് സ്‌െ്രെടക്കര്‍ അല്‍വാരോ വാസ്‌ക്വസിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
ഗോള്‍ നേടിയ സ്പാനിഷ് സ്‌െ്രെടക്കര്‍ അല്‍വാരോ വാസ്‌ക്വസിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

മഡ്ഗാവ്‌: ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തി. ഹൈദരാബാദ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 42-ാം മിനിറ്റില്‍ സ്പാനിഷ്  സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്‌ക്വസാണ് ഗോള്‍ നേടിയത്.

ഇതോടെ തുടര്‍ച്ചയായി എട്ടു മത്സരങ്ങളില്‍ തോല്‍വിയറിയാതെ അജയ്യരായി മുന്നേറിയെത്തിയ ഹൈദരാബാദ് സീസണിലെ രണ്ടാം തോല്‍വിയോടെ തിരികെ കയറി. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് നാലു ജയവും അഞ്ച് സമനിലയും സഹിതം 17 പോയിന്റുമായാണ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. മത്സരം തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ടീമുകളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. മുംബൈ സിറ്റി എഫ്‌സിക്കും 10 കളികളില്‍നിന്ന് 17 പോയിന്റുണ്ടെങ്കിലും ഗോള്‍ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തായിരുന്ന ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് പതിച്ചു.

ആവേശകരമായ മത്സരത്തില്‍ കൊണ്ടും കൊടുത്തും മുന്നേറിയ ഇരു ടീമുകളും ആദ്യ പകുതിയില്‍ പലതവണയാണ് ഗോളിന് അടുത്തെത്തിയത്. ആവേശം വാനോളമുയര്‍ന്ന ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് അല്‍വാരോ വാസ്‌ക്വസിന്റെ തകര്‍പ്പന്‍ ഫിനിഷിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. ആദ്യപകുതിയില്‍ നഷ്ടമാക്കിയ സകല അവസരങ്ങളുടെയും നിരാശ മായ്ച്ചുകളഞ്ഞ് 42-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയത്.

രണ്ടാം പകുതിയില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഹര്‍മന്‍ജ്യോത് ഖബ്രയ്ക്കു പകരം സന്ദീപ് സിങ്ങും ഹൈദരാബാദ് നിരയില്‍ ഹിതേഷ് ശര്‍മയ്ക്കു പകരം സഹില്‍ ടവോരയും കളത്തിലിറങ്ങി. ഇരു ടീമുകള്‍ക്കും ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍മാത്രം അകന്നുനിന്നു. മത്സരം അവസാന നിമിഷങ്ങളിലേക്കു കടന്നതോടെ ഇരു ടീമുകളും തുടര്‍ച്ചയായി മാറ്റങ്ങള്‍ വരുത്തിയെങ്കിലും ആദ്യ പകുതിയിലെ ഏക ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചുകയറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com