ഇതുവരെ ഇന്ത്യ ജയിക്കാത്ത മണ്ണ്; കേപ്ടൗണില്‍ ചരിത്രം വഴി മാറുമോ?

ഇതുവരെ ഇന്ത്യ ജയിക്കാത്ത മണ്ണ്; കേപ്ടൗണില്‍ ചരിത്രം വഴി മാറുമോ?
ഇതുവരെ ഇന്ത്യ ജയിക്കാത്ത മണ്ണ്; കേപ്ടൗണില്‍ ചരിത്രം വഴി മാറുമോ?

കേപ്ടൗണ്‍: അതുവരെ തോല്‍വി അറിയാത്ത വാണ്ടറേഴ്‌സില്‍ രണ്ടാം ടെസ്റ്റ് കളിക്കാനിറങ്ങിയ ഇന്ത്യ ചരിത്രത്തിലാദ്യമായി ആ മണ്ണില്‍ പരാജയം സമ്മതിച്ചാണ് തിരികെ കയറിയത്. മൂന്നാം ടെസ്റ്റ് നടക്കാനിരിക്കുന്ന കേപ്ടൗണില്‍ ഇതുവരെയായി ഇന്ത്യ ഒറ്റ വിജയവും സ്വന്തമാക്കിയിട്ടില്ല. നാളെ തുടങ്ങാനിരിക്കുന്ന മൂന്നാം ടെസ്റ്റ് വിജയിച്ചാല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന ചരിത്രമാണ് സ്വന്തമാക്കാന്‍ സാധിക്കുന്നത്. ഇതുവരെ വിജയിക്കാത്ത മണ്ണില്‍ ഇത്തവണ ഇന്ത്യ വിജയക്കൊടി നാട്ടി ചരിത്രമെഴുതുമോ എന്നത് കാത്തിരുന്ന് കാണാം. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലാക്കിയാണ് ഇരു സംഘവും കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നത്. സ്വന്തം മണ്ണിലെ ഇന്ത്യയ്‌ക്കെതിരായ അനുപമ റെക്കോര്‍ഡ് കാക്കുക എന്ന ലക്ഷ്യമാണ് ഡീന്‍ എല്‍ഗാറിനും സംഘത്തിനും ഉള്ളത്. 

കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയെ ഇന്നുവരെ കീഴടക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അഞ്ച് തവണയാണ് ഇരു ടീമുകളും ഇവിടെ നേര്‍ക്കുനേര്‍ വന്നത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്ന് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക വിജയിച്ചു. 

1992 സമനില

ഇന്ത്യയുടെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നാലാം ടെസ്റ്റാണ് ഇവിടെ കളിച്ചത്. പരമ്പരയില്‍ 1-0ത്തിന് ദക്ഷിണാഫ്രിക്ക മുന്നില്‍ നില്‍ക്കുന്നു. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 84 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ശ്രീനാഥ് നാല് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ ആറിന് 130 എന്ന നിലയില്‍ എത്തിച്ചു. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 14 ഓവര്‍ മാത്രമാണ് നീണ്ടത്. ഒന്നിന് 29 എന്ന നിലയില്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. 

1997 ദക്ഷിണാഫ്രിക്കയ്ക്ക് ജയം

1997ലെ പര്യടനത്തില്‍ രണ്ടാം ടെസ്റ്റാണ് ഇവിടെ അരങ്ങേറിയത്. ഹാന്‍സി ക്രോണ്യയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ 282 റണ്‍സിന് വീഴ്ത്തി കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ഗാരി കേസ്റ്റന്‍, ബ്രയാന്‍ മക്മില്ലന്‍ എന്നിവര്‍ സെഞ്ച്വറികള്‍ കുറിച്ചപ്പോള്‍ ഇന്ത്യക്കായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് ശതകം നേടിയത്. പക്ഷേ കളി ഇന്ത്യ തോറ്റു. 

2007 ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ചരിത്രത്തിലാദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയം സ്വന്തമാക്കിയ പര്യടനമായിരുന്നു 2007ല്‍. എന്നാല്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര 1-1ന് സമനിലയില്‍ എത്തിച്ചു. മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റാണ് കേപ്ടൗണില്‍ അരങ്ങേറിയത്. ഇപ്പോഴത്തെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം വസിം ജാഫര്‍ സ്വന്തം പേരിലാക്കിയ പോരാട്ടത്തില്‍ ഇന്ത്യ 414 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ നേടി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ 169 റണ്‍സില്‍ പുറത്താക്കി ദക്ഷിണാഫ്രിക്ക 211 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തു. 

2011 സമനില

2011ലെ പര്യടനത്തിലും പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ നില്‍ക്കെയാണ് മൂന്നാം ടെസ്റ്റിന് കേപ്ടൗണ്‍ കളമൊരുക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കരിയറിലെ അവസാന ടെസ്റ്റ് സെഞ്ച്വറി കുറിച്ച പോരാട്ടമായിരുന്നു ഇത്. ജാക്വിസ് കാല്ലിസിന്റെ രണ്ടിന്നിങ്‌സിലേയും സെഞ്ച്വറികളും ഹര്‍ഭജന്‍ സിങിന്റെ ഏഴ് വിക്കറ്റ് നേട്ടവും ടെസ്റ്റിന്റെ ഹൈലൈറ്റുകളായിരുന്നു. 

2018 ദക്ഷിണാഫ്രിക്കയ്ക്ക് ജയം

2018ല്‍ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിട്ടത് കേപ്ടൗണ്‍ പോരാട്ടത്തിലൂടെയാണ്. ഇന്ത്യക്കായി ജസ്പ്രിത് ബുമ്‌റ ടെസ്റ്റില്‍ അരങ്ങേറിയ മത്സരം. ദക്ഷിണാഫ്രിക്കയെ കുറഞ്ഞ റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചെങ്കിലും ലക്ഷ്യം കണ്ടെത്തുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ഫലം 72 റണ്‍സ് തോല്‍വി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com