'ബാറ്റോ ഹനുമാന്റെ ഗദയോ?' ഫാസ്റ്റ് പിച്ചുകളില്‍ മായങ്ക് വിജയിക്കില്ല, വിമര്‍ശനം ശക്തം

മായങ്ക് അഗര്‍വാളിന്റെ ഷോട്ട് സെലക്ഷനേയും സാങ്കേതിക പോരായ്മകളേയും ചൂണ്ടി വിമര്‍ശനങ്ങള്‍ ശക്തമാവുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 33ലേക്ക് എത്തിയപ്പോള്‍ തന്നെ രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. പിന്നാലെ മായങ്ക് അഗര്‍വാളിന്റെ ഷോട്ട് സെലക്ഷനേയും സാങ്കേതിക പോരായ്മകളേയും ചൂണ്ടി വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. 

ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറും മായങ്കിന്റെ സാങ്കേതിക പിഴവുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. കേപ്ടൗണില്‍ ഒന്നാം ഇന്നിങ്‌സില്‍ 15 റണ്‍സ് എടുത്താണ് മായങ്ക് മടങ്ങിയത്. ബാറ്റിന്റെ മിഡിലില്‍ കൊള്ളുമ്പോള്‍ മായങ്ക് നല്ല കളിക്കാരനാണ്. എന്നാല്‍ പന്തില്‍ മൂവ്‌മെന്റ് ഉണ്ടാവുമ്പോള്‍ ബാറ്റ് സ്പീഡ് ആണ് മായങ്കിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ എഡ്ജ് ആയത് നമ്മള്‍ കണ്ടു. എത്ര ഹാര്‍ഡ് ആയാണ് മായങ്ക് പന്തില്‍ പുഷ് ചെയ്തത് എന്ന് നോക്കണം, ഗാവസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

അവിടെ മായങ്ക് പന്തിലേക്ക് എത്താന്‍ ശ്രമിച്ചു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പന്ത് ലീവ് ചെയ്യുക എന്നൊന്ന് ഉണ്ട്. ആദ്യ മണിക്കൂറില്‍ എത്രത്തോളം പന്ത് ലീവ് ചെയ്യാന്‍ പറ്റുമോ അത്രത്തോളം കളിക്കാതെ വിടുക. ബാറ്റ് എവിടേക്കാണ് പോയത് എന്ന് നോക്കൂ. പാഡിനോട് ചേര്‍ന്നാണ് ബാറ്റ് നിന്നിരുന്നത് എങ്കില്‍ വിക്കറ്റ് നഷ്ടപ്പെടുമായിരുന്നില്ല. 

ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ കോഹ് ലിക്കും പൂജാരയ്ക്കും ഒഴികെ മറ്റൊരു താരത്തിനും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 79 റണ്‍സ് എടുത്ത കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ സൗത്ത് ആഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com