ഐസിസി ടെസ്റ്റ് ടീം 2021; രോഹിത്, അശ്വിന്‍, പന്ത് ടീമില്‍; നയിക്കാന്‍ കെയ്ന്‍ വില്ല്യംസന്‍

ഐസിസി ടെസ്റ്റ് ടീം 2021; രോഹിത്, അശ്വിന്‍, പന്ത് ടീമില്‍; നയിക്കാന്‍ കെയ്ന്‍ വില്ല്യംസന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: 2021ലെ മികച്ച ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയെ കീഴടക്കി ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ ആണ് ഐസിസി ടെസ്റ്റ് ടീം 2021ന്റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, സ്പിന്നര്‍ ആര്‍ അശ്വിന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരാണ് ടീമില്‍ ഇടം കണ്ട ഇന്ത്യന്‍ താരങ്ങള്‍. 

ശ്രീലങ്കന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരും ടീമിലുണ്ട്. പാക് താരങ്ങളായ ഫവദ് ആലം, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവരും ടീമില്‍ സ്ഥാനം കണ്ടെത്തി. 

2021ല്‍ രണ്ട് സെഞ്ച്വറികളടക്കം കലണ്ടര്‍ വര്‍ഷത്തില്‍ 906 റണ്‍സെടുത്ത് രോഹിത് മിന്നും ഫോമിലായിരുന്നു. 47.68 ആണ് താരത്തിന്റെ ടെസ്റ്റ് ആവറേജ്. ഇംഗ്ലണ്ടിനെതിരെ ചെന്നൈയിലും ഓവലിലുമായിരുന്നു രോഹിതിന്റെ ശതകങ്ങള്‍. 

12 മത്സരങ്ങളില്‍ നിന്ന് 748 റണ്‍സാണ് കഴിഞ്ഞ വര്‍ഷം പന്ത് കണ്ടെത്തിയത്. 39.36 ആണ് ശരാശരി. 23 ഇന്നിങ്‌സുകളില്‍ നിന്നായി വിക്കറ്റിന് പിന്നില്‍ 39 പേരെ പുറത്താക്കാനും താരത്തിനായി. 

ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനുമെതിരായ ഹോം പരമ്പര വിജയങ്ങളില്‍ ഇന്ത്യക്കായി നിര്‍ണായക പ്രകടനമാണ് സ്പിന്നര്‍ ആര്‍ അശ്വിന്‍ പുറത്തെടുത്തത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 54 വിക്കറ്റുകള്‍. ശരാശരി 16.64. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടി ബാറ്റിങിലും തിളങ്ങിയ അശ്വിന്‍ ഇത്രയും കളികളില്‍ നിന്ന് 335 റണ്‍സാണ് അടിച്ചെടുത്തത്. 

ഐസിസി ടെസ്റ്റ് ടീം: കെയ്ന്‍ വില്ല്യംസന്‍, ദിമുത് കരുണരത്‌നെ, രോഹിത് ശര്‍മ, മര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട്, ഫവദ് ആലം, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, കെയ്ല്‍ ജാമിസന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com