പ്രതിഷേധവുമായി ആരാധകർ; താരങ്ങളുമായി എത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് ടീം ബസ് അടിച്ചു തകർത്തു (വീഡിയോ)

പ്രതിഷേധവുമായി ആരാധകർ; താരങ്ങളുമായി എത്തിയ അത്‌ലറ്റിക്കോ മാഡ്രിഡ് ടീം ബസ് അടിച്ചു തകർത്തു (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മാഡ്രിഡ്: സ്പാനിഷ് ലാ ലി​ഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡ് ടീം സഞ്ചരിച്ച ബസിന് നേരെ ആക്രമണം. കോപ്പ ഡെൽ റേ മത്സരത്തിനായി ലാ ലി​ഗ ക്ലബ് തന്നെയായ റയൽ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടായ റയൽ അരീനയിലേക്ക് താരങ്ങളുമായെത്തിയ ടീം ബസിനു നേരെ സോസിഡാഡ് ആരാധകർ തന്നെയാണ് ആക്രമണം അഴിച്ചുവിട്ടത്. 

ടീം ബസിന്റെ ജനാലച്ചില്ലുകളിൽ രണ്ടെണ്ണം ആരാധകർ അടിച്ചു തകർത്തു. സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചെത്തിയ ഹോം ടീം ആരാധകർ, പൊലീസിന് ഇടപെടാനാകുന്നതിനു മുൻപു തന്നെ ബസ് വളഞ്ഞു. ബസിനു നേരെ ആരാധകർ പാഴ്‌വസ്തുക്കളും മറ്റും വലിച്ചെറിഞ്ഞു. അത്‌ലറ്റിക്കോ പരിശീലകൻ ഡിയഗോ സിമിയോണി ഉൾപ്പെടെയുള്ളവരെ ഇത് അസ്വസ്ഥരാക്കി. ടീം ബസിനുള്ളിൽ നിന്നു സിമിയോണി എതിർ ടീം ആരാധകരോട് ശാന്തരാകാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നതു കാണാമായിരുന്നു. 

‘പുറത്തു നടന്നതെന്താണെന്നു നിങ്ങൾ കണ്ടതാണല്ലോ. ഞങ്ങൾ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാൻ തുടങ്ങുകയായിരുന്നു. സോസിഡാഡ് ആരാധകർ എല്ലായ്പ്പോഴും സ്റ്റേഡിയത്തിനു പുറത്തു സംഘടിച്ചു നിൽക്കാറുള്ളതാണ്. പക്ഷേ, ഞങ്ങൾക്കു പൊലീസ് സംരക്ഷണം ഒരുക്കിയില്ല’– സംഭവത്തെക്കുറിച്ചു സിമിയോണി പ്രതികരിച്ചു.  

കഴിഞ്ഞ ആഴ്ച, റയൽ ബെറ്റിസ്– സെവിയ്യ മത്സരത്തിനിടെ സെവിയ്യ താരത്തിന്റെ ശരീരത്തിൽ മത്സരത്തിനിടെ ഗാലറിയിൽ നിന്ന് ആരാധകൻ വലിച്ചെറിഞ്ഞ വസ്തു വന്നു കൊണ്ടിരുന്നു. പിന്നാലെ, റയൽ ബെറ്റിസിന്റെ ഇനിയുള്ള രണ്ട് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനും അധികൃതർ തീരുമാനിച്ചു. 

സെവിയ്യ താരം ജൊവാൻ ജോർദാന്റെ തലയിലാണ് ഏറുകൊണ്ടത്. ഇതോടെ അധികൃതർ മത്സരം നിർത്തിവച്ചു. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർദാൻ അതിവേഗം സുഖം പ്രാപിച്ചു. ഒരു ദിവസത്തിനു ശേഷം അടച്ചിട്ട സ്റ്റേഡിയത്തിലാണു പിന്നീടു മത്സരം നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com