'പെര്‍ഫക്ട് വിജയം'- ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

'പെര്‍ഫക്ട് വിജയം'- ഇന്ത്യയെ തകര്‍ത്ത് ഏകദിന പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാള്‍: ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിന് വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക പരമ്പര ഉറപ്പാക്കിയത്. 

ടോസ് നേടി ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക മുന്‍നിരയുടെ മികച്ച ബാറ്റിങ് കരുത്തില്‍ 48.1 ഓവറില്‍  ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്ത് മറികടന്നു. 

ആതിഥേയര്‍ക്കായി ക്രീസിലെത്തിയവരെല്ലാം മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക്- ജെന്നെമന്‍ മാലന്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി അടിത്തറയിട്ടു. 132 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. പിന്നീടെത്തിയവരും കരുത്തോടെ ബാറ്റ് വീശിയതോടെ ദക്ഷിണാഫ്രിക്ക അനായാസ വിജയത്തിലേക്ക് നീങ്ങി. 

മാലന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. താരം 91 റണ്‍സ് കണ്ടെത്തി. ഡി കോക്ക് 66 പന്തില്‍ ഏഴ് ഫോറുകളും മൂന്ന് സിക്‌സും സഹിതം 78 റണ്‍സ് വാരി. ക്യാപ്റ്റന്‍ ടെംബ ബവുമ (35)യാണ് പുറത്തായ മറ്റൊരു താരം. 

എയ്ഡന്‍ മാര്‍ക്രം (37), റസ്സി വാന്‍ ഡെര്‍ സസ്സന്‍ (37) എന്നിവര്‍ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്കായി ജസ്പ്രിത് ബുമ്‌റ, യുസ്‌വേന്ദ്ര ചഹല്‍, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

പന്തിന്റെ കരുത്തിൽ...

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഋഷഭ് പന്താണ് മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ക്യാപ്റ്റന്‍ രാഹുലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 

അര്‍ഹിച്ച സെഞ്ച്വറിയാണ് ഋഷഭിന് നഷ്ടമായത്. താരം 85 റണ്‍സെടുത്തു. രാഹുല്‍ 55 റണ്‍സും കണ്ടെത്തി. വാലറ്റത്ത് ശാര്‍ദുല്‍ ഠാക്കൂറും ആര്‍ അശ്വിനും മികച്ച രീതിയില്‍ ബാറ്റ് വീശിയത് ഇന്ത്യക്ക് തുണയായി. ശാര്‍ദ്ദുല്‍ 40 റണ്‍സുമായും അശ്വിന്‍ 25 റണ്‍സുമായും പുറത്താകാതെ നിന്നു. 

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമിട്ടു. പിന്നാലെ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഋഷഭ് പന്ത് സഖ്യം സെഞ്ച്വറി കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യയെ മുന്നോട്ട് നയിച്ചു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രാഹുല്‍ പന്ത് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. സ്‌്രൈടക്ക് കൈമാറി രാഹുല്‍ പന്തിന് അടിക്കാന്‍ അവസരം നല്‍കിയതോടെ ഇന്ത്യ തുടക്കത്തിലെ വേഗ കുറവിന് പരിഹാരം കണ്ടു. മറുഭാഗത്ത് രാഹുല്‍ സൂക്ഷ്മതയോടെ ബാറ്റേന്തി. 

സ്‌കോര്‍ 179ല്‍ എത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. താരം 79 പന്തുകള്‍ നേരിട്ട് നാല് ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു. പിന്നാലെ പന്തിന്റെ ചെറുത്തു നില്‍പ്പും അവസാനിച്ചു. 71 പന്തില്‍ പത്ത് ഫോറുകളും രണ്ട് സിക്‌സും സഹിതം പന്ത് 85 റണ്‍സാണ് കണ്ടെത്തിയത്. അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ സാധിക്കാതെയാണ് താരം മടങ്ങിയത്. രാഹുലിനെ സിസന്‍ഡ മഗളയും പന്തിനെ ടബ്‌രൈസ് ഷംസിയുമാണ് പുറത്താക്കിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 63 വരെയെത്തിയതിന് പിന്നാലെ ശിഖര്‍ ധവാനെ നഷ്ടമായി. 38 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 29 റണ്‍സുമായി ധവാന്‍ മടങ്ങി. എയ്ഡന്‍ മാര്‍ക്രത്തിന്റെ പന്തില്‍ സിസന്‍ഡ മഗള ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ വിരാട് കോഹ്‌ലി സംപൂജ്യനായി മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട മുന്‍ നായകന്‍ റണ്ണൊന്നുമെടുക്കാതെ കേശവ് മാഹാരാജിന്റെ പന്തില്‍ ടെംബ ബവുമയ്ക്ക് പിടി നല്‍കിയാണ് കൂടാരം കയറിയത്. ശ്രേയസ് അയ്യര്‍ (11), വെങ്കിടേഷ് അയ്യര്‍ (22) എന്നിവരും അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി. 

ദക്ഷിണാഫ്രിക്കക്കായി ടബ്‌രൈസ് ഷംസി രണ്ട് വിക്കറ്റുകള്‍ നേടി. മാര്‍ക്രം, കേശവ് മഹാരാജ്, മഗള എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഏകദിനത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം ഏകദിനത്തില്‍ വിജയം അനിവാര്യമാണ്. തോല്‍വിയാണെങ്കില്‍ പരമ്പര നഷ്ടമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com