പിടിച്ചുകെട്ടി ബൗളര്‍മാര്‍; പ്രസിദ്ധ് കൃഷ്ണയ്ക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ 288 റണ്‍സ്

പിടിച്ചുകെട്ടി ബൗളര്‍മാര്‍; പ്രസിദ്ധ് കൃഷ്ണയ്ക്ക് മൂന്ന് വിക്കറ്റ്; ഇന്ത്യക്ക് ജയിക്കാന്‍ 288 റണ്‍സ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ 288 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287 റണ്‍സില്‍ പുറത്തായി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ച്വറിയും റസ്സി വാന്‍ ഡെര്‍ ഡസ്സന്‍ നേടിയ അര്‍ധ സെഞ്ച്വറിയും മധ്യനിരയില്‍ പൊരുതി നിന്ന ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റിങ്ങാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപക് ചഹര്‍, ജസ്പ്രിത് ബുമ്‌റ,  എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. യുസ്‌വേന്ദ്ര ചഹല്‍ ഒരു വിക്കറ്റെടുത്തു. രണ്ട് താരങ്ങള്‍ റണ്ണൗട്ടായി.

130 പന്തുകള്‍ നേരിട്ട് പത്ത് ഫോറും രണ്ട് സിക്‌സും സഹിതം 124 റണ്‍സുമായി ഡി കോക്ക് ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. അര്‍ധ സെഞ്ച്വറിയുമായി റസ്സി വാന്‍ ഡെര്‍ ഡസ്സനും ഡി കോക്കിന് പിന്തുണ നല്‍കി. താരം 59 പന്തുകള്‍ നേരിട്ട് നാല് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സുമായി മടങ്ങി. ഡേവിഡ് മില്ലര്‍ 38 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സ് കണ്ടെത്തി.

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് വിടുകയായിരുന്നു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മികവോടെ തുടങ്ങിയെങ്കിലും ക്വിന്റണ്‍ ഡി കോക്ക്- ഡസ്സന്‍ സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 

ഓപ്പണര്‍ ജന്നേമന്‍ മാലന്‍ (ഒന്ന്), ക്യാപ്റ്റന്‍ ടെംബ ബവുമ (എട്ട്), എയ്ഡന്‍ മാര്‍ക്രം (15), ആന്‍ഡില്‍ ഫെലുക്വാവോ (4), ഡ്വയ്ന്‍ പ്രിട്ടോറിയസ് (20), കേശവ് മഹാരാജ് (6), സിസന്‍ഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

മാലനെ ദീപക് ചഹര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചപ്പോള്‍ ടെംബ ബവുമയെ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ റണ്ണൗട്ടാക്കുകയായിരുന്നു. മാര്‍ക്രത്തേയും ചഹര്‍ മടക്കി. ഫെലുക്വാവോ ശ്രേയസ് അയ്യര്‍- പന്ത് കൂട്ടുകെട്ടില്‍ റണ്ണൗട്ടായി. പ്രിട്ടോറിയസിനെയും ഡേവിഡ് മില്ലറേയും സിസന്‍ഡ മഗളയേയും
പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. ഡി കോക്കിനേയും കേശവ് മഹാരാജിനേയും ജസ്പ്രിത് ബുമ്‌റയാണ് മടക്കിയത്. ലുംഗി എന്‍ഗിഡി റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

'വൈറ്റ് വാഷ്' ഒഴിവാക്കുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പരമ്പര അടിയറവു വച്ച ഇന്ത്യക്ക് മുഖം രക്ഷിക്കാന്‍ വിജയം അനിവാര്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com