'അഭിമാനമായി പിആര്‍ ശ്രീജേഷ്'- 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം മലയാളി ഗോള്‍ കീപ്പര്‍ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2022 07:59 PM  |  

Last Updated: 31st January 2022 07:59 PM  |   A+A-   |  

sreejesh

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും വെറ്ററന്‍ മലയാളി താരവുമായി പിആര്‍ ശ്രീജേഷിന് രാജ്യാന്തര കായിക പുരസ്‌കാരം. 2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ശ്രീജേഷ് അര്‍ഹനായി. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും ശ്രീജേഷ് മാറി. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ 2020ല്‍ പുരസ്‌കാരം നേടിയിരുന്നു.

സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകള്‍ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്. ആല്‍ബര്‍ട്ടോ ലോപസിന് 67,428 വോട്ടുകളും ജിയോര്‍ഡനോയ്ക്ക് 54,046 വോട്ടുകളുമാണ് ലഭിച്ചത്. 

2021ലെ ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ മലയാളി താരം ഗോള്‍ കിപ്പറായി മിന്നും പ്രകടനമാണ് ഒളിംപിക്‌സില്‍ പുറത്തെടുത്തത്. 

പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. 

അവാര്‍ഡ് നേടിയതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. ഒന്നാമതായി, എന്നെ ഈ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തതിന് എഫ്‌ഐഎചിന് ഒരുപാട് നന്ദി. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ഹോക്കി പ്രേമികള്‍ക്കും നന്ദി- പുരസ്‌കാരം ലഭിച്ച വിവരത്തിന് പിന്നാലെ ശ്രീജേഷ് പ്രതികരിച്ചു.