ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 ഇന്ന്; ടീമിനൊപ്പം ചേര്‍ന്ന് രോഹിത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 10:22 AM  |  

Last Updated: 07th July 2022 10:22 AM  |   A+A-   |  

indian_team

ഫോട്ടോ: ട്വിറ്റർ

 

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം രാത്രി 10.30ന് സതാംപ്ടണിലാണ് മത്സരം. കോവിഡ് മുക്തനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനൊപ്പം ചേര്‍ന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് രോഹിത് ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പ് തങ്ങളുടെ ശ്രദ്ധയില്‍ ഉണ്ടെന്നും എന്നാല്‍ ഇത് തങ്ങളുടെ ലോകകപ്പ് ഒരുക്കമാണെന്ന് പറയാനാവില്ലെന്നും രോഹിത് പ്രതികരിച്ചു. ഐപിഎല്ലിലും ഡൊമസ്റ്റിക് ക്രിക്കറ്റിലും മികവ് കാണിച്ച യുവ താരങ്ങള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ലോകകപ്പില്‍ ശ്രദ്ധ കൊടുക്കുന്ന ഈ സമയം ഉമ്രാന് എന്താണ് നല്‍കാന്‍ കഴിയുക എന്നത് നോക്കുകയാണെന്നും രോഹിത് പറഞ്ഞു. 

സതാംപ്ടണില്‍ മുന്‍തൂക്കം ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 

നെതര്‍ലന്‍ഡ്‌സിന് എതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇംഗ്ലണ്ടിന്റെ വൈറ്റ്‌ബോള്‍ ടീം വരുന്നത്. എന്നാല്‍ കൂറ്റനടികള്‍ക്ക് സഹായകമാവുന്ന സാഹചര്യങ്ങളല്ല സതാംപ്ടണിലേത്. നീളം കൂടിയ ബൗണ്ടറികളുള്ള ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോര്‍ 165 റണ്‍സ് ആണ്. 

സതാംപ്ടണില്‍ കഴിഞ്ഞ ഏഴ് കളിയില്‍ അഞ്ച് വട്ടവും ജയം പിടിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്. ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് ഉമ്രാന്‍ മാലിക് വീണ്ടും എത്തുമോ അതോ അര്‍ഷ്ദീപിന് അവസരം നല്‍കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഇന്ത്യയുടെ സാധ്യത 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ചഹല്‍, ഉമ്രാന്‍ മാലിക്

ഇംഗ്ലണ്ട് സാധ്യത 11: ജേസന്‍ റോയ്, ബട്ട്‌ലര്‍, ഡേവിഡ് മലന്‍, മൊയിന്‍ അലി, ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, സാം കറാന്‍, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, റീസ്, മാറ്റ് പാര്‍കിന്‍സന്‍

ഈ വാര്‍ത്ത കൂടി വായിക്കൂ

എന്താണ് ബാസ്‌ബോള്‍? ദ്രാവിഡിനും പിടികിട്ടാത്ത വാക്ക്; ഇംഗ്ലണ്ടിന്റെ പുതിയ ശൈലി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ