'ഉച്ചയുറക്കം അവസാനിപ്പിക്കാന്‍ തലയില്‍ വെള്ളമൊഴിച്ചു, വൈസ് ക്യാപ്റ്റനാക്കി'; ഗാംഗുലിക്കൊപ്പമുള്ള ഓര്‍മകളില്‍ സച്ചിന്‍

ഇന്ത്യന്‍ ടീമിലേക്കുള്ള വരവും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിര്‍ദേശിക്കുന്നതുമെല്ലാം ദാദയുടെ ജന്മദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് സച്ചിന്‍....
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എന്നാല്‍ ഇവിടെ ആരാധകരുടെ ഹൃദയം തൊടുന്നത് സച്ചിന്‍ പങ്കുവെച്ച ഗാംഗുലിക്കൊപ്പമുള്ള ഓര്‍മകളാണ്...

പരസ്പരം ആദ്യം കാണുന്നതും പിന്നാലെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിര്‍ദേശിക്കുന്നതുമെല്ലാം ദാദയുടെ ജന്മദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് സച്ചിന്‍....

ആദ്യം കാണുന്നത് അണ്ടര്‍ 15 ക്യാംപില്‍ 

ആദ്യം കാണുമ്പോള്‍ ഞങ്ങള്‍ രണ്ട് പേരും അണ്ടര്‍ 15 കളിക്കാരായിരകുന്നു. കാണ്‍പൂരില്‍ ബിസിസിഐ സംഘടിപ്പിച്ച ജൂനിയര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലാണ് ആദ്യം കാണുന്നത്. എതിര്‍ ടീമിലായാണ് ഞങ്ങള്‍ കളിച്ചത്. ഇന്‍ഡോറിലെ ക്യാംപില്‍ വെച്ചാണ് അടുത്ത് പരിചയപ്പെടുന്നത്. പിന്നാലെ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് എന്ന പേരില്‍ ഇംഗ്ലണ്ടിലേക്ക് പോയ ടീമിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായി, സച്ചിന്‍ പറയുന്നു. 

അണ്ടര്‍ 15 ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയ സമയം ഗാംഗുലിയെ വെള്ളത്തില്‍ കുളിപ്പിച്ച സംഭവത്തെ കുറിച്ചും സച്ചിന്‍ പറയുന്നു. അന്ന് സൗരവിന് ഉച്ചയുറക്കം പതിവാണ്. അത് അവസാനിപ്പിക്കണം എന്ന് ഞാനും സഹതാരങ്ങളായ ജതിന്‍ പരഞ്ജ്‌പെയും കേദാര്‍ ഗോഡ്‌ബോലെയും തീരുമാനിച്ചു. 

സൗരവിന്റെ ഉച്ചയുറക്കം അവസാനിപ്പിക്കാന്‍

വെള്ളം നിറച്ച ബക്കറ്റുമായി ഞങ്ങള്‍ സൗരവിന്റെ മുറിയില്‍ കയറി. ഉറങ്ങിക്കൊണ്ടിരുന്ന സൗരവിന്റെ തലയില്‍ വെള്ളമൊഴിച്ചു...ഗാംഗുലിക്കൊപ്പമുള്ള സച്ചിന്റെ രസകരമായ ഓര്‍മകളുടെ തുടക്കം മാത്രമായിരുന്നു ഇവിടെ...

1992ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞങ്ങള്‍ റൂംമേറ്റായി. നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ക്കിടയില്‍ അപരിചിതത്വത്തിന്റെ പ്രശ്‌നമുണ്ടായില്ല. അന്ന് തുടങ്ങിയ ബന്ധം പിന്നെയും തുടര്‍ന്നു. ഗാംഗുലി വീണ്ടും ടീമിലേക്ക് എത്തിയതോടെ അത് ഊഷ്മളമായി. സച്ചിന്‍ പറയുന്നു. 

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗാംഗുലി

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് നിര്‍ദേശിച്ചത് താനാണെന്നും സച്ചിന്‍ പറയുന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഞാന്‍ വിരമിക്കുന്നതിന് മുന്‍പ്, ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ സമയം ഗാംഗുലിയെ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കണം എന്ന് ഞാന്‍ നിര്‍ദേശിച്ചു. ഏറെ അടുത്ത് നിന്ന് ഞാന്‍ സൗരവിനെ കണ്ടിട്ടുണ്ട്. ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്‍പോട്ട് കൊണ്ടുപോകാനുള്ള യോഗ്യത സൗരവിനുണ്ടെന്ന് എനിക്കറിയാമായിരുന്നു, സച്ചിന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com