കന്നി സെഞ്ച്വറിയുമായി പന്തിന്റെ പോരാട്ടം; ഓൾറൗണ്ട് മികവുമായി ഹർദിക്; ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യക്ക് ഏകദിന പരമ്പര

പിന്നീട് ഋഷഭ് പന്ത് കളിയുടെ നിയന്ത്രണമേറ്റെടുക്കുന്ന കാഴ്ചയാണ് മാഞ്ചസ്റ്ററിൽ കാണാനായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റർ: കരിയറിലെ കന്നി ഏകദിന സെഞ്ച്വറി നിർണായക പോരാട്ടത്തിൽ സ്വന്തമാക്കി ഋഷഭ് പന്ത് ജ്വലിച്ചപ്പോൾ ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തം. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയ ലക്ഷ്യം ഇന്ത്യ 47 പന്തുകൾ ബാക്കി നിൽക്കേ അടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 259 റൺസിന് പുറത്തായി.

113 പന്തുകൾ നേരിട്ട് 16 ഫോറും രണ്ട് സിക്സും സഹിതം 125 റൺസുമായി പന്ത് പുറത്താകാതെ നിന്നു. പന്തിനൊപ്പം ഓൾറൗണ്ട് മികവുമായി ഹർ​ദിക് പാണ്ഡ്യയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളിങിൽ തിളങ്ങിയ ഹർ​ദിക് പന്തിനൊപ്പം നിർണായക കൂട്ടുകെട്ടുമായി അർധ സെഞ്ച്വറി നേടി. താരം 55 പന്തിൽ 71 റൺസെടുത്തു. പത്ത് ഫോറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 38 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. വെറും ഒരുറൺ മാത്രമെടുത്ത ധവാനെ റീസ് ടോപ്ലി ജേസൺ റോയിയുടെ കൈയ്യിലെത്തിച്ചു. പിന്നാലെ നായകൻ രോഹിത് ശർമയെയും നഷ്ടമായി. 17 പന്തുകളിൽ നിന്ന് 17 റൺസെടുത്ത ഇന്ത്യൻ നായകനെയും ടോപ്ലി തന്നെ മടക്കി. സ്ലിപ്പിൽ റൂട്ടിന് ക്യാച്ച് നൽകിയായിരുന്നു നായകൻ പുറത്തേക്കുള്ള വഴി കണ്ടത്. 

പിന്നാലെ വന്ന വിരാട് കോഹ്‌ലി മൂന്ന് ബൗണ്ടറിയടിച്ച് നന്നായി തുടങ്ങിയെങ്കിലും ഓഫ്‌സൈഡിൽ വന്ന പന്ത് വീണ്ടും താരത്തിന് വിനയായി. ടോപ്ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർക്ക് ക്യാച്ച് നൽകി 17 റൺസെടുത്ത് കോഹ്‌ലിയും മടങ്ങി.

പിന്നീട് ഋഷഭ് പന്തും സൂര്യകുമാർ യാദവും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോർ 50 കടത്തി. എന്നാൽ ടീം സ്‌കോർ 72ൽ നിൽക്കേ സൂര്യകുമാറിനെ മടക്കി ക്രെയ്ഗ് ഓവർട്ടൺ ഇന്ത്യയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 28 പന്തുകളിൽ നിന്ന് 16 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ അപകടം മണത്തു.

സൂര്യകുമാറിന് പകരം ഹർദിക് പാണ്ഡ്യ ഋഷഭ് പന്തിന് കൂട്ടായി ക്രീസിലെത്തി. ഇരുവരും പതിയെ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിപ്പിക്കാൻ തുടങ്ങി. ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടേയിരുന്നു. അർധ സെഞ്ച്വറി നേടിക്കൊണ്ട് ഇരുവരും ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ തിരികെ കൊണ്ടുവന്നു.  ടീം സ്‌കോർ 205ൽ നിൽക്കേ ഹർദിക് പാണ്ഡ്യയെ ബ്രൈഡൻ കാഴ്‌സ് പുറത്താക്കി.

പിന്നീട് ഋഷഭ് പന്ത് കളിയുടെ നിയന്ത്രണമേറ്റെടുക്കുന്ന കാഴ്ചയാണ് മാഞ്ചസ്റ്ററിൽ കാണാനായത്. ജഡേജയെ കൂട്ടുപിടിച്ച് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി. ഇംഗ്ലണ്ട് ബൗളർമാരെ അതിർത്തികടത്തിക്കൊണ്ട് മാഞ്ചസ്റ്ററിൽ പന്ത് നിറഞ്ഞാടി. ഒടുവിൽ താരത്തിന്റെ ബാറ്റിൽ നിന്ന് സെഞ്ച്വറിയും പിറന്നു. 43ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി നേടിക്കൊണ്ട് പന്ത് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ 12 റൺസ് നേടി ഓപ്പണർ ജാസൻ റോയ് നന്നായി തുടങ്ങിയെങ്കിലും തൊട്ടടുത്ത ഓവറിൽ കളി മാറി. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ബുമ്രയ്ക്ക് പകരം ടീമിലിടം നേടിയ മുഹമ്മദ് സിറാജ് കൊടുങ്കാറ്റായി. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഓപ്പണറായ ജോണി ബെയർസ്‌റ്റോയെ റൺസെടുക്കും മുൻപ് സിറാജ് മടക്കി. സിറാജിന്റെ പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ച ബെയർ‌സ്റ്റോയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ പന്ത് ഉയർന്നു പൊന്തി. പകരക്കാരനായ ശ്രേയസ്സ് അയ്യർ ഇത് അനായാസം കൈയിലൊതുക്കി.

പിന്നാലെ വന്ന ജോ റൂട്ട് വീണ്ടും നിരാശപ്പെടുത്തി. റൺസെടുക്കും മുൻപ് താരത്തെ സിറാജ് സ്ലിപ്പിൽ നിന്ന രോഹിത് ശർമയുടെ കൈയിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 12 ന് രണ്ട് എന്ന നിലയിലേക്ക് വീണു. എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച ജാസൻ റോയ്- ബെൻ സ്‌റ്റോക്‌സ് സഖ്യം വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. മികച്ച കൂട്ടുകെട്ടുമായി മുന്നേറിയെങ്കിലും ഹർദിക് പാണ്ഡ്യയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ടീം സ്‌കോർ 66-ൽ നിൽക്കേ 31 പന്തുകളിൽ നിന്ന് 41 റൺസെടുത്ത ജാസൻ റോയിയെ മടക്കി ഹർദിക് ഈ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ 29 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ബെൻ സ്റ്റോക്‌സിനെ മികച്ച ഒരു ബൗൺസറിലൂടെ മടക്കി ഹർദിക് ഇംഗ്ലണ്ടിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. ഇതോടെ ഇംഗ്ലണ്ട് 74 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. നാല് വിക്കറ്റ് വീണതോടെ നായകൻ ജോസ് ബട്‌ലറും ഓൾറൗണ്ടർ മൊയിൻ അലിയും ക്രീസിലൊന്നിച്ചു. മികച്ച കൂട്ടുകെട്ടുമായി ഇരുവരും ടീമിനെ നയിച്ചു. 

അഞ്ചാം വിക്കറ്റിൽ അലിയും ബട്‌ലറും ചേർന്ന് 75 റൺസാണ് കൂട്ടിച്ചേർത്തത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന് ജീവൻ പകരുന്ന പ്രകടനമാണ് ഇവർ നൽകിയത്. ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാൻ രോഹിതിന് സാധിച്ചില്ല.

ഒടുവിൽ അതുവരെ ബൗൾ ചെയ്യാതിരുന്ന രവീന്ദ്ര ജഡേജയെ രോഹിത് പന്തേൽപ്പിച്ചു. അത് ഫലം കാണുകയും ചെയ്തു. തന്റെ ആദ്യ ഓവറിൽ തന്നെ മൊയിൻ അലിയെ മടക്കി ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തുകളിൽ നിന്ന് 34 റൺസെടുത്ത അലിയെ ജഡേജ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. അലി മടങ്ങിയിട്ടും ബട്‌ലർ ഫോം തുടർന്നു. വൈകാതെ താരം അർധ സെഞ്ച്വറി നേടി. 64 പന്തുകളിൽ നിന്നാണ് ബട്‌ലർ അർധ ശതകം കുറിച്ചത്. ലിയാം ലിവിങ്സ്റ്റൺ അതിവേഗം സ്കോർ ഉയർത്തി. ബട്‌ലറും ലിവിങ്‌സ്റ്റണും 49 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്.

ഹർദിക് പാണ്ഡ്യയെ വീണ്ടും പന്തേൽപ്പിച്ച് രോഹിത് ഈ കൂട്ടുകെട്ടും പൊളിച്ചു. 31 പന്തുകളിൽ നിന്ന് 27 റൺസെടുത്ത ലിവിങ്സ്റ്റണെ ഹർദിക് ജഡേജയുടെ കൈയ്യിലെത്തിച്ചു. അതേ ഓവറിൽ തന്നെ ബട്‌ലറെയും മടക്കി ഹർദിക് വീണ്ടും ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചെലുത്തി. 80 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 60 റൺസെടുത്ത ബട്‌ലറെയും ഹർദിക് ജഡേജയുടെ കൈയിലെത്തിച്ചു. 

എട്ടാം വിക്കറ്റിൽ ഒന്നിച്ച ഡേവിഡ് വില്ലിയും ക്രെയ്ഗ് ഓവർട്ടണും എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇരുവരും 48 റൺസാണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇതോടെ ഇംഗ്ലണ്ട് മാന്യമായ സ്‌കോറിലേക്ക് കുതിച്ചു. ഒടുവിൽ യുസ്‌വേന്ദ്ര ചഹലാണ് ഈ കൂട്ടുകെട്ട് തകർത്തത്. 15 പന്തുകളിൽ നിന്ന് 18 റൺസെടുത്ത വില്ലിയെ ചാഹൽ സൂര്യകുമാർ യാദവിന്റെ കൈയ്യിലെത്തിച്ചു.

അവസാന ഓവറുകളിൽ ക്രെയ്ഗ് ഓവർട്ടൺ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്‌കോർ 250 കടന്നു. വൈകാതെ താരത്തെ ചഹൽ കോഹ്‌ലിയുടെ കൈയിലെത്തിച്ചു. 33 പന്തുകളിൽ നിന്ന് 32 റൺസാണ് ഓവർട്ടണിന്റെ സമ്പാദ്യം. പിന്നാലെ റീസ് ടോപ്ലിയെ ക്ലീൻ ബൗൾഡാക്കി ചഹൽ ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ബ്രൈഡൺ കാഴ്‌സ് പുറത്താകാതെ (3) നിന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഹർദിക് ഏഴോവറിൽ മൂന്ന് മെയ്ഡനടക്കം 24 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. ചഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ശേഷിച്ച വിക്കറ്റ് ജഡേജ വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com