ഷഫാലി ക്രീസിന് പുറത്ത്, സ്റ്റംപ് ചെയ്തിട്ടും നോട്ട്ഔട്ട്; കാരണം

ഓസ്‌ട്രേലിയക്കെതിരെ 33 പന്തില്‍ നിന്ന് 9 ബൗണ്ടറിയോടെ 48 റണ്‍സ് എടുത്താണ് ഷഫാലി മടങ്ങിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തോല്‍വിയിലേക്ക് വീണെങ്കിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ബാറ്റിങ് ആണ് യുവ താരം ഷഫാലി വര്‍മയില്‍ നിന്ന് വന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ട്വന്റി20 ക്രിക്കറ്റില്‍ അര്‍ധ ശതകം നേടുന്ന ആദ്യ താരം എന്ന നേട്ടം ഷഫാലി സ്വന്തമാക്കും എന്ന് തോന്നിച്ചെങ്കിലും രണ്ട് റണ്‍സ് അകലെ വീണു. 

ഓസ്‌ട്രേലിയക്കെതിരെ 33 പന്തില്‍ നിന്ന് 9 ബൗണ്ടറിയോടെ 48 റണ്‍സ് എടുത്താണ് ഷഫാലി മടങ്ങിയത്. ഇവിടെ 34 റണ്‍സിലേക്ക് എത്തിയപ്പോള്‍ ഷഫാലിയെ പുറത്താക്കാന്‍ സുവര്‍ണാവസരം ഓസീസിന് മുന്‍പിലെത്തിയിരുന്നു. ക്രീസ് ലൈനിന് പുറത്ത് നില്‍ക്കെ ഷഫാലിയെ സ്റ്റംപ് ചെയ്യാനാണ് അവസരം ലഭിച്ചത്. 

തഹ്ലിയ മഗ്രാത്തിന്റെ ഡെലിവറിയില്‍ ഷഫാലിയെ ഓസീസ് വിക്കറ്റ് കീപ്പര്‍ ഹീലി സ്റ്റംപ് ചെയ്തു. ഈ സമയം ക്രീസ് ലൈനിന് പുറത്തായിരുന്നു ഷഫാലി. എന്നാല്‍ ഇവിടെ തേര്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് ആണ് വിധിച്ചത്. ഇവിടെ ഹീലി തന്റെ വലത് കൈകൊണ്ടാണ് ബെയില്‍സ് ഇളക്കിയത്. പന്ത് പിടിച്ചത് ഇടത് കയ്യിലും. ഇതാണ് ഷഫാലിയെ ഇവിടെ രക്ഷിച്ചത്. എന്നാല്‍ 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഷഫാലിയെ ഓസ്‌ട്രേലിയ മടക്കി.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സ് കണ്ടെത്തിയത്. സ്മൃതി മന്ദാന ഇന്ത്യക്ക് മിന്നും തുടക്കം നല്‍കി. എന്നാല്‍ നാലാം ഓവറില്‍ തന്നെ മന്ദാനയെ ഇന്ത്യക്ക് നഷ്ടമായി. മന്ദാന മടങ്ങിയിട്ടും ഷഫാലി സ്‌കോറിങ്ങിന്റെ വേഗം കുറയാതെ നോക്കി. ഹര്‍മന്‍പ്രീത് കൗര്‍ 34 പന്തില്‍ നിന്ന് 52 റണ്‍സ് എടുത്തു. 

155 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഓസ്‌ട്രേലിയക്ക് കനത്ത പ്രഹരമാണ് രേണുക സിങ് ഏല്‍പ്പിച്ചത്. ആദ്യ 5 ഓവറിലേക്ക് എത്തിയപ്പോള്‍ തന്നെ ഓസീസിന്റെ നാല് വിക്കറ്റുകള്‍ രേണുക പിഴുതു. എന്നാല്‍ ആഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ് എന്നിവരുടെ കൂട്ടുകെട്ട് ജയം ഇന്ത്യയുടെ കൈകളില്‍ നിന്ന് തട്ടിയെടുത്തു. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com