രഞ്ജിയിൽ തിരിച്ചടിച്ച് കേരളം; മധ്യപ്രദേശിനെതിരായ പോരാട്ടം സമനിലയിലേക്ക്; ക്വാർട്ടർ പ്രതീക്ഷ

രഞ്ജിയിൽ തിരിച്ചടിച്ച് കേരളം; മധ്യപ്രദേശിനെതിരായ പോരാട്ടം സമനിലയിലേക്ക്; ക്വാർട്ടർ പ്രതീക്ഷ
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

രാജ്‌കോട്ട്: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തിൽ കേരളം തിരിച്ചടിക്കുന്നു. മധ്യപ്രദേശ് ഉയർത്തിയ 585 റൺസ് മറികടന്ന് നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായി ബാറ്റിങ് ആരംഭിച്ച കേരളം മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിൽ. എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കേ മധ്യപ്രദേശിന്റെ സ്‌കോറിനേക്കാൾ 387 റൺസ് പിറകിലാണ് കേരളം. 

അവസാന ദിനത്തിൽ 387 റൺസ് മറികടക്കാനായാൽ കേരളത്തിന് ക്വാർട്ടറിൽ പ്രവേശിക്കാം. എട്ട് വിക്കറ്റുകൾ കൈയിലിരിക്കേ നാലാം ദിനം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. 82 റൺസെടുത്ത് ഓപ്പണർ രാഹുലും ഏഴ് റൺസുമായി നായകൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളത്തിനു വേണ്ടി ഓപ്പണർമാരായ രാഹുലും രോഹൻ എസ് കുന്നുമ്മലും ചേർന്ന്  മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 129 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. 

എന്നാൽ മിഹിർ ഹിർവാനി ഈ കൂട്ടുകെട്ട് പൊളിച്ചു. 110 പന്തുകളിൽ നിന്ന് 75 റൺസെടുത്ത രോഹനെ മിഹിർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ വന്ന വത്സൽ ഗോവിന്ദിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. 15 റൺസെടുത്ത താരത്തെ അനുഭവ് അഗർവാൾ ഹിമാൻഷു മന്ത്രിയുടെ കൈയിലെത്തിച്ചു.

വത്സലിന് പകരം സച്ചിൻ ബേബി ക്രീസിലെത്തി. പിന്നീട് വിക്കറ്റ് വീഴാതെ സച്ചിനും രാഹുലും കേരളത്തെ സംരക്ഷിച്ചു. 178 പന്തുകളിൽ നിന്ന് 13 ബൗണ്ടറികളുടെ സഹായത്തോടെയാണ് രാഹുൽ 82 റൺസെടുത്തത്.

നേരത്തെ മധ്യപ്രദേശ് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 204.3 ഓവർ ബാറ്റ് ചെയ്ത മധ്യപ്രദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 585 റൺസെടുത്തു. 289 റൺസെടുത്ത ഓപ്പണർ യാഷ് ദുബെയുടെ തകർപ്പൻ പ്രകടനമാണ് മധ്യപ്രദേശിന് തുണയായത്. 35 ബൗണ്ടറിയും രണ്ട് സിക്‌സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. 142 റൺസെടുത്ത രജത് പട്ടിദാറും 50 റൺസ് നേടിയ അക്ഷത് രഘുവംശിയും മികച്ച പ്രകടനം പുറത്തെടുത്തു.

കേരളത്തിനായി സ്പിന്നർ ജലജ് സക്‌സേന 51.3 ഓവറിൽ 116 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തി. ബേസിൽ തമ്പിയും സിജോമോൻ ജോസഫും ഓരോ വിക്കറ്റ് വീതം നേടി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com