585-9ന് ഡിക്ലയര്‍ ചെയ്ത് മധ്യപ്രദേശ്; നോക്കൗട്ടിലെത്താന്‍ ഒന്നാം ഇന്നിങ്‌സ് കേരളത്തിന് നിര്‍ണായകം

യഷ് ദുബെയുടെ ഇരട്ട സെഞ്ചുറിയും രജത്തിന്റെ സെഞ്ചുറിയുമാണ് മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ കേരളത്തിന് എതിരെ റണ്‍മല ഉയര്‍ത്തി മധ്യപ്രദേശ്. ഒന്നാം ഇന്നിങ്‌സില്‍ 585-9 എന്ന സ്‌കോറിനാണ് മധ്യപ്രദേശ് ഡിക്ലയര്‍ ചെയ്തത്. 

യഷ് ദുബെയുടെ ഇരട്ട സെഞ്ചുറിയും രജത്തിന്റെ സെഞ്ചുറിയുമാണ് മധ്യപ്രദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 591 പന്തില്‍ നിന്നാണ് യഷ് ദുബെ 289 റണ്‍സ് നേടിയത്.യഷ് ദുബെ പുറത്തായതോടെ മധ്യപ്രദേശ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 35 ഫോറും രണ്ട് സിക്‌സുമാണ് യഷിന്റെ ബാറ്റില്‍ നിന്നും വന്നത്. രജത് 142 റണ്‍സ് നേടി പുറത്തായി. അക്ഷത് രഘുവന്‍ഷി അര്‍ധ ശതകം നേടി. 

സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തി

ദുബേയും രജത്തും ചേര്‍ന്ന് കണ്ടെത്തിയ 277 റണ്‍സിന്റെ കൂട്ടുകെട്ടാണ് മധ്യപ്രദേശ് ഇന്നിങ്‌സിനെ തുണച്ചത്. കേരളത്തിന് വേണ്ടി സക്‌സേന ആറ് വിക്കറ്റ് വീഴ്ത്തി. എന്‍പി ബേസിലും സിജിമോനും ഒരു വിക്കറ്റ് വീതം നേടി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സ് എന്ന നിലയിലാണ്. 

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നിര്‍ണായകം

രഞ്ജി ട്രോഫിയില്‍ നോക്കൗട്ട് കടക്കാന്‍ കേരളത്തിന് നിര്‍ണായകമാണ് മധ്യപ്രദേശിന് എതിരായ കളി. മത്സരം സമനിലയിലായാല്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് നേടിയ ടീമിനാവും പോയിന്റ് ലഭിക്കുക. ഇതോടെ മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ കേരളത്തിന്റെ സമ്മര്‍ദം കൂട്ടുന്നു. എന്നാല്‍ സെഞ്ചുറികളുമായി നിറയുന്ന രാഹുല്‍ പി, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ് എന്നിവരിലെല്ലാം പ്രതീക്ഷ വെക്കുകയാണ് കേരളം. സീസണിലെ ആദ്യ രണ്ട് മത്സരവും കേരളം ജയിച്ചിരുന്നു. മേഘാലയക്കും ഗുജറാത്തിനും എതിരെയായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com