'മുഖംമൂടി അണിയിച്ച് പൊലീസ് കൊണ്ടുപോയത് എന്നെ അല്ല'; വിരമിക്കലിന് പിന്നാലെ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ശ്രീശാന്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ശ്രീശാന്ത്. 2013ലെ ഐപിഎല്‍ കോഴ വിവാദത്തിന് ഇടയില്‍ ഡല്‍ഹി പൊലീസ് മുഖം മൂടി ധരിപ്പിച്ച് കൊണ്ടുപോയത് തന്നെ അല്ലെന്ന് ശ്രീശാന്ത് പറയുന്നു.

ഒരു കാര്യത്തിനും അഹങ്കരിച്ചിട്ടില്ല. രാജ്യത്തിന്റെ ജയം മാത്രമാണ് ആഗ്രഹിച്ചത്. അഹങ്കാരിയെന്ന് തന്നെ വിളിക്കുന്നവരോടും സ്‌നേഹം മാത്രമാണ്. ക്രിക്കറ്റിനെ ഒറ്റുകൊടുത്തിട്ടില്ല. 45 വയസുവരെ ലീഗുകളിലായും മറ്റും കളി തുടരും എന്നും ശ്രീശാന്ത് വ്യക്തമാക്കുന്നു. 

2013 മെയ് 16നാണ് വാതുവെപ്പ് കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശ്രീശാന്തിനൊപ്പം അജിത്ത് ചന്ദില, അംഗീത് ചവാന്‍ എന്നിവരേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖം മൂടി ധരിപ്പിച്ച് മൂന്ന് പേരേയും മാധ്യമങ്ങളുടെ മുന്‍പിലെത്തി. ഇവിടെ മുഖം മൂടി ധരിപ്പിച്ച് കാണിച്ചത് തന്നെയല്ല എന്നാണ് ശ്രീശാന്ത് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. 

വാതുവെപ്പിന് ജിജു ജനാര്‍ദനൊപ്പം നിന്നു എന്നതായിരുന്നു ശ്രീശാന്തിന് മേലുള്ള കുറ്റം. ശ്രീശാന്ത് കുറ്റം സമ്മതിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. പിന്നാലെ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കും പ്രഖ്യാപിച്ചു. 

2019ല്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പുനപരിശോധിക്കണം എന്ന് സുപ്രീംകോടതി ബിസിസിഐയോട് നിര്‍ദേശിച്ചു. ഇതോടെ 2020 സെപ്തംബറില്‍ ശ്രീശാന്തിന്റെ വിലക്ക് കാലാവധി ഏഴ് വര്‍ഷമാക്കി ബിസിസിഐ കുറച്ചു. ഇതോടെ കേരള ടീമിലൂടെയാണ് ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com