ഹര്‍ദ്ദിക്കും റാഷിദും അല്ല; ഗുജറാത്തിന്റെ 'എക്‌സ് ഫാക്ടര്‍' ഈ താരം- ശുഭ്മാന്‍ ഗില്‍ പറയുന്നു

ഇന്ത്യക്കായി പത്ത് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുള്ള 22കാരനായ താരം ടീമിന്റെ എക്‌സ് ഫാക്ടര്‍ ആകാന്‍ പോകുന്ന താരത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇത്തവണ അരങ്ങേറാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ഹര്‍ദ്ദിക് പാണ്ഡ്യയെ നായക സ്ഥാനത്ത് അവരോധിച്ചാണ് ടൈറ്റന്‍സ് കന്നി പോരാട്ടത്തിന് കച്ച കെട്ടുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കഴിഞ്ഞ സീസണില്‍ മിന്നും ഫോമില്‍ കളിച്ച ശുഭ്മാന്‍ ഗില്ലിനേയും ടീം പൊന്നും വിലയ്ക്ക് സ്വന്തമാക്കിയിരുന്നു. പുതിയ സീസണില്‍ ടീമിന്റെ സാധ്യതകള്‍ വിലയിരുത്തുകയാണ് ഗില്‍ ഇവിടെ. 

എട്ട് കോടി രൂപയ്ക്കാണ് ഗില്ലിനെ ടൈറ്റന്‍സ് കൂടെ കൂട്ടിയത്. ഇന്ത്യക്കായി പത്ത് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും കളിച്ചിട്ടുള്ള 22കാരനായ താരം ടീമിന്റെ എക്‌സ് ഫാക്ടര്‍ ആകാന്‍ പോകുന്ന താരത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ, മാന്ത്രിക സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരും ടീമിലുണ്ട്. ഇരുവരും ടീമിന്റെ നിര്‍ണായക താരങ്ങളാകുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഗില്‍ പക്ഷേ ഇരുവരേയുമല്ല ടീമിലെ നിര്‍ണായക സാന്നിധ്യമായി കണക്കാക്കുന്നത്. 

പുതിയ സീസണില്‍ ടീമിന്റെ നിര്‍ണായക ശക്തിയാകാന്‍ പോകുന്ന താരമായി ഗില്‍ വിലയിരുത്തുന്നത് ന്യൂസിലന്‍ഡ് താരം ലോക്കി ഫെര്‍ഗൂസനെയാണ്. ഗില്ലിനൊപ്പം കെകെആറിലുണ്ടായിരുന്ന താരമാണ് ലോക്കി ഫെര്‍ഗൂസന്‍. താരമായിരിക്കും ഗുജറാത്ത് ടൈറ്റന്‍സിന്റെ എക്‌സ് ഫാക്ടര്‍ എന്നാണ് ഗില്‍ പറയുന്നത്. 

'ലോക്കി ഫെര്‍ഗൂസന്റെ സാന്നിധ്യം ടീമിന് വലിയ സാധ്യതകളാണ് നല്‍കുന്നത്. എനിക്കുറപ്പുണ്ട് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണായകമാകുന്ന താരം ലോക്കിയായിരിക്കും'- ഗില്‍ വ്യക്തമാക്കി. 

ഐപിഎല്‍ മെഗാ താര ലേലത്തില്‍ പത്ത് കോടി രൂപയ്ക്കാണ് ഗുജറാത്ത് ലോക്കി ഫെര്‍ഗൂസനെ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്കായി എട്ട് കളികളില്‍ നിന്ന് കിവി പേസര്‍ 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com