ഈ 5 അരങ്ങേറ്റക്കാരെ സൂക്ഷിക്കണം; ഐപിഎല്ലില്‍ തകര്‍ത്തു കളിക്കാന്‍ ഇവര്‍ 

യുവ താരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഐപിഎല്‍
ഹംഗാര്‍ഗേക്കര്‍, ഡെവാള്‍ഡ് ബ്രെവിസ്/ഫോട്ടോ: ട്വിറ്റര്‍
ഹംഗാര്‍ഗേക്കര്‍, ഡെവാള്‍ഡ് ബ്രെവിസ്/ഫോട്ടോ: ട്വിറ്റര്‍

യുവ താരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് ഐപിഎല്‍. ഐപിഎല്ലില്‍ അരങ്ങേറ്റ സീസണ്‍ കളിക്കുമ്പോള്‍ ഇവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന ആഘാതം എത്രമാത്രമെന്നതില്‍ എതിരാളികള്‍ക്കും കൃത്യമായ വ്യക്തത ഉണ്ടാവില്ല. ഐപിഎല്‍ പതിനഞ്ചാം സീസണ്‍ മുന്‍പില്‍ നില്‍ക്കുമ്പോഴും കളിയുടെ ഗതി തിരിക്കാന്‍ പാകത്തില്‍ യുവ താരങ്ങളുണ്ട്...

ബേബി ഡിവില്ലിയേഴ്‌സ് 

360 ഡിഗ്രിയില്‍ ബാറ്റ് വീശാന്‍ കഴിയുന്ന ബേബി എബിഡിയുടെ കളി കാണാനുള്ള ത്രില്ലിലാണ് ആരാധകര്‍. വലംകൈ ബാറ്ററും ലെഗ് ബ്രേക്ക് ബൗളറുമാണ് സൗത്ത് ആഫ്രിക്കയുടെ ഈ അണ്ടര്‍ 19 താരം. ഇക്കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ 506 റണ്‍സ് ആണ് ഡെവാള്‍ഡ് ബ്രെവിസ് സ്‌കോര്‍ ചെയ്തത്.

5 വട്ടം ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ആണ് താര ലേലത്തില്‍ ബ്രെവിസിനെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ബ്രെവിസിന്റെ തീപാറും ബാറ്റിങ് കാണാന്ഡ കാത്തിരിക്കുകയാണ് ആരാധകര്‍. 

ചെന്നൈക്കായി സിക്‌സുകള്‍ പറത്താന്‍  ഹംഗാര്‍ഗേക്കര്‍

കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാനുള്ള കഴിവിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ച താരമാണ് ഹംഗാര്‍ഗേക്കര്‍. അണ്ടര്‍ 19 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ കളിയില്‍ ഹംഗാര്‍ഗേക്കറില്‍  നിന്ന് വന്ന സിക്‌സുകള്‍ ഐപിഎല്ലില്‍ കാണാനാവുമോ? മീഡിയം പേസറും വലംകൈ ബാറ്ററുമാണ് ഹംങ്കാര്‍ഗേക്കര്‍. ദീപക് ചഹറിന് പകരം ഹംഗാര്‍ഗേക്കറിനെ ചെന്നൈക്ക് ഉപയോഗിക്കാം. ഫിനിഷറുടെ റോളില്‍ തിളങ്ങാന്‍ ഹംഗാര്‍ഗേക്കറിനാവും. 

ഐപിഎല്ലിലും വിസ്മയിപ്പിക്കാന്‍ യഷ് ദുള്‍

ഇന്ത്യയെ അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് എത്തിച്ച ക്യാപ്റ്റന്‍ ഐപിഎല്ലില്‍ ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ഇടം നേടാന്‍ ഐപിഎല്ലിലെ പ്രകടനം യഷിനെ തുണയ്ക്കും. വലംകൈ ബാറ്ററും ഓഫ് ബ്രേക്ക് ബൗളറുമാണ് യഷ്. 

അണ്ടര്‍ 19 ലോക കിരീടം നേടിയതിന് പിന്നാലെ രഞ്ജിയിലും യഷ് അരങ്ങേറ്റം കുറിച്ചു. അവിടെ അരങ്ങേറ്റ മത്സരത്തില്‍ രണ്ട് സെഞ്ചുറിയാണ് യഷ് സ്‌കോര്‍ ചെയ്തത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് യഷ്. 

കൂറ്റനടിക്കാരന്‍ അഭിനവ് മനോഹര്‍

മധ്യനിരയിലെ കൂറ്റനടിക്കാരനാണ് കര്‍ണാടകയുടെ അഭിനവ് മനോഹര്‍. സീസണില്‍ 2.60 കോടി രൂപയ്ക്കാണ് അഭിനവിനെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം കര്‍ണാടകയ്ക്ക് വേണ്ടി സയിദ് മുഷ്താഖ് അലിയില്‍ പുറത്തെടുത്ത മികവാണ് അഭിനവിനെ ഐപിഎല്ലിലേക്ക് എത്തിച്ചത്. 

ഐപിഎല്ലില്‍ പേരെടുക്കാന്‍ റോവ്മാന്‍ പവല്‍

ജമൈക്കയില്‍ നിന്നുള്ള ഹാര്‍ഡ് ഹിറ്ററാണ് റോവ്മാന്‍ പവല്‍. ഈ വര്‍ഷം ആദ്യം തന്റെ ആദ്യ ടി20 സെഞ്ചുറിയിലേക്ക് റോവ്മാന്‍ എത്തി. ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. 75 ലക്ഷമായിരുന്നു ലേലത്തില്‍ ഈ വിന്‍ഡിസ് താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ 2.80 കോടി രൂപയ്ക്കാണ് ഡല്‍ഹി ടീമിലെത്തിച്ചത്. ഡല്‍ഹിക്ക് വേണ്ടി ഫിനിഷറുടെ റോളില്‍ ഇറങ്ങാന്‍ റോവ്മാന് കഴിയും.

മീഡിയം പേസറാണ് റോവ്മാന്‍. 2017ല്‍ താരത്തെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീസണില്‍ ഒരു അവസരം പോലും കളിക്കാന്‍ ലഭിച്ചില്ല. 2018ല്‍ അണ്‍സോള്‍ഡ് ആയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com