മൊയിന്‍ അലി ഇല്ലെങ്കിലും പ്രശ്‌നമില്ല; കൊല്‍ക്കത്തയുടെ സ്പിന്‍ ഭീഷണി മറികടക്കാന്‍ പെര്‍ഫെക്ട് പകരക്കാരന്‍

മൊയിന്‍ അലിക്ക് പകരം ഡെവോണ്‍ കോണ്‍വേ ടീമിലേക്ക് എത്തുന്നത് ചെന്നൈക്ക് ഗുണം ചെയ്യും
ഡെവോണ്‍ കോണ്‍വെ/ഫോട്ടോ:ട്വിറ്റർ
ഡെവോണ്‍ കോണ്‍വെ/ഫോട്ടോ:ട്വിറ്റർ

മുംബൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുമ്പോള്‍ മൊയിന്‍ അലിയുടെ അഭാവമാണ് ചര്‍ച്ചയായത്. എന്നാല്‍ മൊയിന്‍ അലിക്ക് പകരം ഡെവോണ്‍ കോണ്‍വേ ടീമിലേക്ക് എത്തുന്നത് ചെന്നൈക്ക് ഗുണം ചെയ്യും.

മിസ്റ്ററി സ്പിന്നര്‍മാരുമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരുമ്പോള്‍ മധ്യ ഓവറുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്ന താരമാണ് കോണ്‍വെ. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ക്കെതിരെ മികച്ച ബാറ്റിങ് ആണ് കോണ്‍്വെയില്‍ നിന്ന് വന്നത്. 

സ്പിന്നിന് എതിരെ 61.63 ആണ് കോണ്‍വേയുടെ ബാറ്റിങ് ശരാശരി

സ്വീപ്പ് ഷോട്ടുകളിലൂടേയും റിവേഴ്‌സ് സ്വീപ്പിലൂടേയും സ്പിന്നര്‍മാരെ അതിജീവിക്കാനും സ്‌കോര്‍ ചെയ്യാനും കോണ്‍വേയ്ക്ക് എളുപ്പം കഴിയും. ട്വന്റി20 ക്രിക്കറ്റില്‍ സ്പിന്നിന് എതിരെ 61.63 ആണ് കോണ്‍വേയുടെ ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 134.65. പേസ് ബൗളര്‍മാര്‍ക്ക് എതിരെ കോണ്‍വേയുടെ ശരാശരി 37.40ലേക്കും സ്‌ട്രൈക്ക്‌റേറ്റ് 126.15ലേക്കും വീഴുന്നു.

ന്യൂസിലന്‍ഡിന് വേണ്ടി 20 ട്വന്റി20 മത്സരങ്ങളാണ് കോണ്‍വെ ഇതുവരെ കളിച്ചത്. നേടിയത് 602 റണ്‍സും ബാറ്റിങ് ശരാശരി 50.2 ആണ്. സ്‌ട്രൈക്ക്‌റേറ്റ് 139.3. താര ലേലത്തില്‍ ഒരു കോടി രൂപയ്ക്കായിരുന്നു കോണ്‍വെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ചെന്നൈയുടെ മുഖ്യ പരിശീലകന്‍ ഫ്‌ളെമിങ്ങിനും കോണ്‍വെയെ അടുത്തറിയാം. ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള ന്യൂസിലന്‍ഡിന്റെ ക്യാംപില്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com