അഞ്ചാം ലോകകപ്പിന് ക്രിസ്റ്റ്യാനോ; നോര്‍ത്ത് മാസിഡോണിയയെ തകര്‍ത്ത് പോര്‍ച്ചുഗല്‍, സെനഗലും പോളണ്ടും ഖത്തറിലേക്ക് 

ലോകകപ്പ് പ്ലേഓഫ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് മാസിഡോണിയയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത്
നോര്‍ത്ത് മാസിഡോണിയക്കെതിരായ കളിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി
നോര്‍ത്ത് മാസിഡോണിയക്കെതിരായ കളിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ/ഫോട്ടോ: എഎഫ്പി

പോര്‍ട്ടോ: നോര്‍ത്ത് മാസിഡോണിയയുടെ അട്ടിമറി ഭീഷണി മറികടന്ന് പോര്‍ച്ചുഗല്‍. അഞ്ചാം ലോകകപ്പ് കളിക്കാന്‍ ക്രിസ്റ്റ്യാനോ ഖത്തറിലുണ്ടാവും. ലോകകപ്പ് പ്ലേഓഫ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് മാസിഡോണിയയെ പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. 

ബ്രൂണോ ഫെര്‍ണാണ്ടസില്‍ നിന്നായിരുന്നു പോര്‍ച്ചുഗലിന്റെ രണ്ട് ഗോളും. 32ാം മിനിറ്റില്‍ നോര്‍ത്ത് മാസിഡോണിയ ക്യാപ്റ്റന്റെ മിസ് പാസ് പിടിച്ചെടുത്ത ബ്രൂണോ ക്രിസ്റ്റിയാനോയുടെ നേര്‍ക്ക് പന്ത് നല്‍കി. പിന്നാലെ ക്രിസ്റ്റ്യാനോ അത് ബ്രൂണോയ്ക്ക് നല്‍കുകയും പിഴവില്ലാതെ സൂപ്പര്‍ ഷോട്ടിലൂടെ ബ്രൂണോ വലയിലേക്ക് എത്തിക്കുകയും ചെയ്തു. 

രണ്ടാം പകുതിയിലെ 65ാം മിനിറ്റിലാണ് പോര്‍ച്ചുഗല്ലിന്റെ രണ്ടാം ഗോള്‍ എത്തിയത്. ഡിയാഗോ ജോട്ടയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഇത്തവണ ഫസ്റ്റ് ടച്ച് ഷോട്ടിലൂടെയുള്ള ബ്രൂണോയുടെ ഗോള്‍. മറ്റൊരു മത്സരത്തില്‍ ഈജിപ്തിനെ തകര്‍ത്ത് സെനഗല്‍ ലോകകപ്പിന് യോഗ്യത നേടി. ആഫ്രിക്കന്‍ യോഗ്യതാ മൂന്നാം റൗണ്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു സെനഗലിന്റെ ജയം. 

സെനഗലും പോളണ്ടും ലോകകപ്പിന്‌

ആദ്യ പാദത്തില്‍ ഒരു ഗോളിന് ഈജിപ്ത് മുന്‍പിട്ട് നിന്നിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ ഈജിപ്ത് താരം ഫാതിയുടെ സെല്‍ഫ് ഗോള്‍ തിരിച്ചടിയായി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയും 3-1ന് സെനഗല്‍ ജയം നേടുകയും ചെയ്തു. ലിവര്‍പൂള്‍ സൂപ്പര്‍ താരം സലയുടെ സ്‌പോട്ട് കിക്കും ഇവിടെ ലക്ഷ്യം കണ്ടില്ല. 

സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് പോളണ്ട് ലോകകപ്പ് പ്ലേഓഫ് ഫൈനലില്‍ ജയം പിടിച്ചത്. 49ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെവന്‍ഡോസ്‌കിയും 72ാം മിനിറ്റില്‍ സെലന്‍സ്‌കിയുമാണ് പോളണ്ടിനായി ഗോള്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com