എട്ടാം തവണയും മെക്‌സിക്കോ ലോകകപ്പിന്; കോസ്റ്റ റിക്കയോട് തോറ്റിട്ടും യോഗ്യത നേടി യുഎസ്എ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2022 10:54 AM  |  

Last Updated: 31st March 2022 10:54 AM  |   A+A-   |  

mexico players celebrating goal

എല്‍ സാല്‍വദോറിന് എതിരെ ഗോള്‍ ആഘോഷിക്കുന്ന മെക്‌സിക്കോ താരങ്ങള്‍/ഫോട്ടോ: എഎഫ്പി

 

മെക്‌സികോ സിറ്റി: ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടി മെക്‌സിക്കോ. തുടരെ എട്ടാം തവണയാണ് മെക്‌സിക്കോ ലോകകപ്പിനെത്തുന്നത്. ബുധനാഴ്ച രാത്രി നടന്ന എല്‍ സാല്‍വദോറിന് എതിരായ യോഗ്യതാ മത്സരത്തില്‍ ജയം പിടിച്ചതോടെയാണ് മെക്‌സിക്കോ ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

1994 മുതല്‍ വന്ന ലോകകപ്പുകളിലെല്ലാം മെക്‌സിക്കോയുടെ സാന്നിധ്യമുണ്ട്. എല്‍ സാല്‍വദോറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മെക്‌സിക്കോ വീഴ്ത്തിയത്. 17ാം മിനിറ്റില്‍ യുറിയല്‍ അന്റുണയാണ് മെക്‌സിക്കോയ്ക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. പിന്നാലെ 43ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൗള്‍ ജിമിനെസും വല കുലുക്കിയതോടെ മെക്‌സിക്കന്‍ ആരാധകര്‍ ഇളകി മറിഞ്ഞു. 

കാനഡയാണ് ഒന്നാം സ്ഥാനത്ത്

കോണ്‍കകാഫ് മേഖലയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് മെക്‌സിക്കോ ലോകകപ്പിന് എത്തുന്നത്. കാനഡയാണ് ഒന്നാം സ്ഥാനത്ത്. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 28 പോയിന്റ് വീതമാണ് ഉള്ളത് എങ്കിലും ഗോള്‍ ശരാശരി ഒന്നാം സ്ഥാനം പിടിക്കാന്‍ കാനഡയെ തുണച്ചു. 

യുഎസ്എയും ഖത്തര്‍ ലോകകപ്പിലേക്ക് എത്തും. കോണ്‍കാഫ് മേഖലയിലെ മത്സരത്തില്‍ കോസ്റ്റ റിക്കയോടെ അവസാന കളിയില്‍ രണ്ട് ഗോളിന് തോല്‍വി വഴങ്ങിയെങ്കിലും ലോകകപ്പിലേക്ക് യുഎസ്എ യോഗ്യത നേടി. 2-0നാണ് കോസ്റ്ററിക്കയുടെ ജയം. 6-0ന് യുഎസ്എയെ തോല്‍പ്പിച്ചാല്‍  കോസ്റ്റ റിക്കയ്ക്ക് നേരിട്ട് ലോകകപ്പിലേക്ക് യോഗ്യത നേടാമായിരുന്നു. ഇനി പ്ലേഓഫില്‍ കോസ്റ്റ റിക്ക ന്യൂസിലന്‍ഡിനെ നേരിടണം. 

ലോകകപ്പിനെത്തുന്ന 32 ടീമുകളില്‍ 29 പേര്‍ ആരെല്ലാമെന്ന് വ്യക്തമായി കഴിഞ്ഞു. വെള്ളിയാഴ്ചയാണ് ലോകകപ്പ് ഡ്രോ. എട്ട് ഗ്രൂപ്പുകളില്‍ നാല് ടീമുകള്‍ വീതമാണ് ഉണ്ടാവുക. റഷ്യയെ ലോകകപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. യുക്രൈന്‍ പ്ലേഓഫില്‍ സ്‌കോട്ട്‌ലന്‍ഡിന് എതിരെ കളിക്കണം. ഇത് ജൂണിലേക്ക് നീട്ടുകയും ചെയ്തു.