ആദ്യം നദാല്‍, പിന്നെ ജോക്കോ, ഫൈനലില്‍ സ്വരേവ്! ഈ 19കാരന്‍ വേറെ ലെവല്‍; കിരീടവുമായി അല്‍ക്കാരസ്; ഇതാ പുതിയ 'സൂപ്പര്‍ സ്റ്റാര്‍'

അത്ഭുതകരമായ പോരാട്ടമാണ് അല്‍ക്കാരസ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ആദ്യം വീഴ്ത്തിയത് 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുടെ റെക്കോര്‍ഡ് തിളക്കമുള്ള സാക്ഷാല്‍ റാഫേല്‍ നദാലിനെ. പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിചിനെ ഒടുവില്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വരേവിനെ! കുറച്ചു ദിവസമായി ടെന്നീസ് ലോകത്തെ അമ്പരപ്പിക്കുന്ന സ്പാനിഷ് കൗമാര താരം കാര്‍ലോസ് അല്‍ക്കാരസ് ഗാര്‍ഫിയ ഒടുവില്‍ മാഡ്രിഡ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. ടെന്നീസ് ലോകത്തേക്കുള്ള തന്റെ വരവ് രാജകീയമായി തന്നെ അറിയിച്ചിരിക്കുകയാണ് സ്പാനിഷ് സെന്‍സേഷനായ കൗമാര താരം. 

മാഡ്രിഡ് ഓപ്പണ്‍ വേദിയായ കജാ മാജിക്കയുടെ പേര് അന്വര്‍ഥമാക്കി അത്ഭുതകരമായ പോരാട്ടമാണ് അല്‍ക്കാരസ് ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്തത്. സ്വന്തം നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ വെറും രണ്ട് സെറ്റില്‍ സ്വരേവിനെ വീഴ്ത്തിയാണ് അല്‍ക്കാരസിന്റെ മിന്നും കിരീട നേട്ടം. സ്‌കോര്‍: 6-3, 6-1. 

കിരീട നേട്ടത്തിനൊപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും കാര്‍ലോസ് സ്വന്തം പേരിലാക്കി. എടിപി ടൂര്‍ പോരാട്ടം 1990ല്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു 19 വയസുള്ള താരം ഒറ്റ ടൂര്‍ണമെന്റില്‍ ടോപ് ഫൈവിലെ മൂന്ന് താരങ്ങളെയെങ്കിലും വീഴ്ത്തുന്നത്. 

ഫൈനല്‍ പോരാട്ടത്തില്‍ ഗെയിം തുടങ്ങിയപ്പോള്‍ ഒരു 19കാരന്റെ പരിഭ്രമം അല്‍ക്കാരസിന്റെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷേ പതിയെ ആത്മവിശ്വാസം വീണ്ടെടുത്ത അല്‍ക്കാരസ് പിന്നീട് സ്വരേവിന് ഒരു സാധ്യതയും നല്‍കാത്ത കളിയാണ് പുറത്തെടുത്തത്.

ആദ്യ സെറ്റില്‍ പ്രതീക്ഷിച്ച പോലെ അല്‍ക്കാരസ് സ്വരേവിനെ ബ്രേക്ക് ചെയ്തു. 2-2 ആയിരുന്നപ്പോള്‍ അല്‍ക്കാരസ് ഒരു ബ്രേക്ക് പോയിന്റില്‍ എത്തിയതാണ്, പക്ഷെ സ്വരേവ് ഒരു സെര്‍വിലൂടെ തിരിച്ചു പിടിച്ചു. 4-2 ലാണ് ആദ്യ ബ്രേക്ക്, പിന്നീട് സെറ്റ് കൈയടക്കാന്‍ അല്‍ക്കാരസിന് അധികം സമയം വേണ്ടി വന്നില്ല. അല്‍ക്കാരസിന്റെ പഴുതടച്ച കളിക്കൊപ്പം നില്‍ക്കാന്‍ സ്വരേവ് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നില്‍ക്കുന്ന കാഴ്ചയായിരുന്നു കോര്‍ട്ടില്‍. 31 മിനിറ്റില്‍ ഒന്നാം സെറ്റ് അല്‍ക്കാരസ് വിജയിച്ചു.

രണ്ടാം സെറ്റില്‍ 2-1ല്‍ തന്നെ അല്‍ക്കാരസ് ബ്രേക്ക് ചെയ്തു തുടങ്ങി. പിന്നീട് അങ്ങോട്ട് സ്വരേവ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെ അണ്‌ഫോഴ്‌സ്ഡ് എററുകളുടെ വേലിയേറ്റമായിരുന്നു സ്വരേവിന്റെ കളിയിലുടനീളം. ഇത്തവണ സെറ്റ് നേടാന്‍ അല്‍ക്കാരസിന് ആദ്യ സെറ്റിന്റെ സമയം പോലും വേണ്ടി വന്നില്ല. 

സെമിയില്‍ ജോക്കോയെ വിഴ്ത്താന്‍ മൂന്ന് മണിക്കൂര്‍ എടുത്തെങ്കില്‍ ഫൈനലില്‍ സ്വരേവിനെ തറപറ്റിക്കാന്‍ ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമേ സ്പാനിഷ് കൗമാര താരത്തിന് വേണ്ടി വന്നുള്ളു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com